ഇന്ത്യയിൽ ജനാധിപത്യ സ്ഥാപനങ്ങൾക്കുനേരെ ആക്രമണം നടക്കുന്നു- രാഹുൽ ഗാന്ധി
text_fieldsബെൽജിയം: ഇന്ത്യയിൽ ജനാധിപത്യ സ്ഥാപനങ്ങൾക്കുനേരെ ആക്രമണം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഇന്ത്യ ഭരിക്കുന്നവർ ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്. ഇന്ത്യയെക്കുറിച്ച് അൽപ്പമെങ്കിലും ധാരണയുള്ള എല്ലാവർക്കും ഇത് മനസിലാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആദിവാസികൾക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ വിവേചനവും അക്രമവും വർധിച്ചുവരികയാണെന്നും ജനാധിപത്യത്തിന് വേണ്ടിയുള്ള സമരം ഞങ്ങളുടെ ഉത്തരവാദിത്വമാണെന്നും ബെൽജിയത്തിലെ ബ്രസൽസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
"ഇന്ത്യയിൽ മഹാത്മാ ഗാന്ധിയുടെയും ഗോഡ്സെയുടെയും കാഴ്ച്പാടുകൾ തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്. സർക്കാർ രാജ്യത്തിന്‍റെ മുഖഛായ തന്നെ മാറ്റാൻ ശ്രമിക്കുകയാണ്. രാജ്യത്തിന്‍റെ പേര് മാറ്റത്തെക്കുറിച്ചുള്ള സംസാരം സർക്കാറിന്‍റെ ഭയത്തിന്‍റെ തെളിവാണ്. പ്രതിപക്ഷ സഖ്യത്തിന് ഇൻഡ്യ എന്ന് പേരിട്ടതിൽ നിന്ന് ഞങ്ങൾ എന്താണ് എന്ന് വ്യക്തമാണ്. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ശബ്ദമാണ്. ഇത് തീർചയായും പ്രധാനമന്ത്രിയെ അസ്വസ്ഥപ്പെടുത്തുകയും രാജ്യത്തിന്‍റെ പേര് മാറ്റാനുള്ള മതിയായ കാരണമായി മാറുകയും ചെയും"- രാഹുൽ ഗാന്ധി പറഞ്ഞു.
അദാനിയെ കുറിച്ചും ചങ്ങാത്ത മുതലാളിത്വത്തെ കുറിച്ചും സംസാരിക്കുമ്പോഴൊക്കെ പ്രധാനമന്ത്രി മറ്റെന്തെങ്കിലും പറഞ്ഞ് വഴിതിരിക്കുന്ന തന്ത്രങ്ങളുമായി വരുന്നത് രസകരമാണ്. നോട്ട് നിരോധനം, തെറ്റായ ജി.എസ്.ടി. പോലുള്ള തീരുമാനങ്ങളിലൂടെ മോദി ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ അടിത്തറ തകർത്തുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.