മോർബി ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരം കുറഞ്ഞു; ഗുജറാത്ത് സർക്കാരിന് ഹൈകോടതിയുടെ വിമർശനം
text_fieldsഗാന്ധിനഗർ: മോർബി പാലം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം കുറഞ്ഞുപോയെന്ന് ഗുജറാത്ത് ഹൈകോടതി. വിഷയത്തിൽ സത്യവാങ്മൂലം നൽകാനും ഗുജറാത്ത് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
ഉചിതമായ നഷ്ടപരിഹാരം നൽകേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. പരിക്കേറ്റവർക്ക് നൽകിയ നഷ്ടപരിഹാരവും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ദുരന്തബാധിതർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
അപകടത്തെ തുടർന്ന് അനാഥരായ കുട്ടികൾക്ക് പ്രതിമാസം 3,000 രൂപ നൽകിയാൽ മതിയാകില്ലെന്നും യൂണിഫോമിന്റെയും പുസ്തകത്തിന്റെയും വില പോലും ഈ തുക കൊണ്ട് വഹിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. നഷ്ടപരിഹാര തുക ഇരട്ടിയാക്കുകയോ അല്ലെങ്കിൽ 10 ലക്ഷമായി ഉയർത്തുകയോ ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 30നാണ് മോർബിയിൽ തൂക്കു പാലം തകർന്ന് 140 പേർ മരണപ്പെട്ടത്. അറ്റകുറ്റപ്പണികൾക്ക് ശേഷം ഒക്ടോബർ 26ന് തുറന്ന് കൊടുത്ത പാലമാണ് തകർന്നത്. അപകട സമയത്ത് 500ഓളം പേർ പാലത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.