'ജാലിയൻവാലാബാഗ് രക്തസാക്ഷികളെ അപമാനിച്ചു'; നവീകരണത്തിന്‍റെ പേരിൽ ചരിത്രം മായ്ക്കുന്ന മോദിക്കെതിരെ ജനരോഷം
text_fieldsഅമൃത്സർ: നവീകരണത്തിന്‍റെ പേരിൽ ജാലിയൻവാലാബാഗ് സ്മാരകത്തിന്റെ പൈതൃകം നഷ്ടപ്പെടുത്തിയെന്ന് കാണിച്ച് കേന്ദ്ര സർക്കാറിനെതിരെ ജനരോഷം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഇരുണ്ട ഏടായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികളെ മോദിയും കേന്ദ്ര സർക്കാറും അപമാനിച്ചുവെന്ന് വിമർശനമുയർന്നുകഴിഞ്ഞു.
കഴിഞ്ഞദിവസമാണ് നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്. സമുച്ചയത്തിൽ സ്ഥാപിച്ച ലൈറ്റ്ഷോയുടെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
തനത് പൈതൃകം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് നവീകരണം നടന്നത്. ജാലിയൻവാലാബാഗിലേക്ക് ഇടുങ്ങിയ ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത്. ഇതിലൂടെയാണ് ജനറൽ ഡയറും സൈന്യവും ഇരച്ചുകയറി ജനങ്ങളെ വെടിവെച്ച് കൊന്നത്. ഈ വഴിയിലൂടെയായിരുന്നു സന്ദർശകർക്കും പ്രവേശനമുണ്ടായിരുന്നത്. എന്നാൽ, നവീകരണത്തിന്‍റെ ഭാഗമായി ഈ വഴി അടക്കുകയും ഇവിടെ ശിൽപ്പങ്ങൾ സ്ഥാപിക്കുകയും ചെയ്തു. സ്മാരകത്തിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും പുതിയ വഴിയാണിപ്പോൾ.
വെടിവെപ്പിൽനിന്ന് രക്ഷപ്പെടാൻ ഇവിടെയുള്ള കിണറ്റിലേക്ക് നിരവധി പേരാണ് എടുത്തുചാടിയത്. ഈ കിണർ ഇപ്പോൾ ഗ്ലാസ് ഷീൽഡ് ഉപോയഗിച്ച് മറച്ചു.
പ്രവേശന കവാടത്തിന് സമീപമായി പുതിയ ഹൈടെക്ക് ഗാലറി ഒരുക്കിയിട്ടുണ്ട്. പഞ്ചാബിൽ അരങ്ങേറിയ ചരിത്രസംഭവങ്ങളുടെ വിവരണങ്ങളാണ് ഇവിടെയുള്ളത്. 1919 ഏപ്രിൽ 13ന് നടന്ന സംഭവങ്ങൾ പ്രദർശിപ്പിക്കാൻ വേണ്ടിയാണ് 'സൗണ്ട് ആൻഡ് ലൈറ്റ്' ഷോ ഒരുക്കിയിട്ടുള്ളത്. ജനങ്ങൾ വീണുമരിച്ച ഷഹീദി കിണറിന് പുറമെ ജ്വാല സ്മാരകവും മോടിപിടിപ്പിച്ചിട്ടുണ്ട്. സ്മാരകത്തിനകത്തെ ജലാശയം താമരക്കുളമാക്കി മാറ്റി. വഴികളും നവീകരിച്ചിട്ടുണ്ട്.
ചരിത്രം സംരക്ഷിക്കേണ്ടത് രാജ്യത്തിന്‍റെ കടമയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന വേളയിൽ പറഞ്ഞത്. എന്നാൽ, നവീകരണത്തിന്‍റെ പേരിൽ സർക്കാർ ചരിത്രം നശിപ്പിക്കുകയാണെന്ന് പലരും കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയക്കാർക്ക് ചരിത്രത്തോട് അപൂർവമായിേട്ട താൽപ്പര്യമുണ്ടാകൂ എന്നും വിമർശനമുയർന്നു.
'ഇത് സ്മാരകങ്ങളുടെ കോർപ്പറേറ്റ്വൽക്കരണമാണ്. പൈതൃക മൂല്യം നഷ്ടപ്പെട്ട് അവ ആധുനിക കെട്ടിടങ്ങളായി മാറി. ഈ സ്മാരകങ്ങൾ അവ പ്രതിനിധാനം ചെയ്യുന്ന കാലഘട്ടത്തിന്‍റെ തനത് രീതിയിലാണ് പരിപാലിക്കേണ്ടത്' -ചരിത്രകാരനായ എസ്. ഇർഫാൻ ഹബീബ് ട്വീറ്റ് ചെയ്തു.
ഇതിഹാസ സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിന്നവർക്ക് മാത്രമേ ഇങ്ങനെ അപകീർത്തിപ്പെടുത്താൻ കഴിയൂവെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി വിമർശിച്ചു. കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.