മുതിർന്ന പൗരന്മാരുടെ ആരോഗ്യ ഇൻഷുറൻസ്: പ്രീമിയം വർധനക്ക് മൂക്കുകയർ
text_fieldsന്യൂഡൽഹി: മുതിർന്ന പൗരന്മാരുടെ ആരോഗ്യ ഇൻഷുറൻസിനുള്ള വാർഷിക പ്രീമിയം 10 ശതമാനത്തിലധികം കൂട്ടരുതെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ). 60 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്ന തീരുമാനമാണിത്. മുതിർന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രീമിയം തുക ഇൻഷുറൻസ് കമ്പനികൾ വർഷങ്ങളായി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 100 ശതമാനംവരെ വർധിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലിറക്കിയ ഉത്തരവ് വ്യാഴാഴ്ചമുതൽ പ്രാബല്യത്തിലായി.
വേണം കൂടിയാലോചന
10 ശതമാനത്തിൽ കൂടുതലുള്ള പ്രീമിയം വർധന, ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വിപണിയിൽനിന്ന് പിൻവലിക്കൽ അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കുംമുമ്പ് ഇൻഷുറൻസ് കമ്പനികൾ ഐ.ആർ.ഡി.എ.ഐയുമായി കൂടിയാലോചിക്കണം. പദ്ധതികൊണ്ട് മുതിർന്ന പൗരന്മാർക്കുള്ള പ്രയോജനങ്ങൾക്ക് പ്രാധാന്യത്തോടെ പ്രചാരം നൽകണം. പരമാവധി ആശുപത്രികളെ എം പാനൽ ചെയ്യാൻ ഇൻഷുറൻസ് സ്ഥാപനങ്ങൾ നടപടിയെടുക്കണം. കൂടാതെ, പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ) മാതൃകയിൽ, ചികിത്സ പാക്കേജുകളുടെ നിരക്കുകൾ ചർച്ച ചെയ്ത് നിശ്ചയിക്കണം.
മുതിർന്നവർക്ക് പ്രയോജനപ്രദം
ചികിത്സ ചെലവിലെ വാർഷിക വർധന ശരാശരി 14 ശതമാനമാണ്. പത്ത് ശതമാനത്തിൽ കൂടുതൽ പ്രീമിയം വർധന പാടില്ലെന്ന നിബന്ധന മുതിർന്ന പൗരന്മാർക്ക് കാര്യമായി പ്രയോജനം ചെയ്യും. ഉയർന്ന പ്രീമിയം ഈടാക്കുന്നതിനൊപ്പം പല രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകാത്ത കമ്പനികൾക്ക് ഇക്കാര്യത്തിൽ പുനരാലോചന വേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.