അഗ്നിപഥ് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചു; മൂന്നു സേനകളുടെയും വാർത്തസമ്മേളനം
text_fieldsന്യൂഡൽഹി: അഗ്നിപഥിനെതിരെ രാജ്യമെങ്ങും അലയടിച്ച യുവരോഷത്തെ തെല്ലും പരിഗണിക്കാതെ സൈനിക റിക്രൂട്ട്മെന്റിന് തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രക്ഷോഭം കണ്ട് പദ്ധതിയിൽനിന്ന് പിന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കി കര, നാവിക, വ്യോമ സേനാവിഭാഗങ്ങളെ പ്രതിരോധത്തിനായി കേന്ദ്രം രംഗത്തിറക്കി. മൂന്നു സേനാപ്രതിനിധികൾ നടത്തിയ വാർത്തസമ്മേളനത്തിൽ 'അഗ്നിപഥ്' റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. സമരത്തിൽ പങ്കെടുക്കുന്നവർക്ക് സൈനിക റിക്രൂട്ട്മെന്റിൽ ഇടമുണ്ടാകില്ലെന്ന താക്കീതും കേന്ദ്രം നൽകി. അതിനിടെ, ഞായറാഴ്ച രാവിലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മൂന്നു സൈനിക മേധാവികളുമായി തുടർച്ചയായ രണ്ടാം ദിനവും കൂടിക്കാഴ്ച നടത്തി.
'അഗ്നിപഥു'മായി കേന്ദ്രം മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയ സൈനികകാര്യ വകുപ്പിലെ അഡീഷനൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി, യുവാക്കൾ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
വ്യോമസേനയിലേക്ക് അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ ഈ മാസം 24ന് തുടങ്ങുമെന്ന് എയർ മാർഷൽ എസ്.കെ. ഝാ അറിയിച്ചു. ഒന്നാം ഘട്ട റിക്രൂട്ട്മെന്റിനുള്ള ഓൺലൈൻ പരീക്ഷ ജൂലൈ 24ന് നടത്തും. ഡിസംബർ 30ാടെ ആദ്യബാച്ചിന്റെ പരിശീലനം തുടങ്ങും. നിയമനം ലഭിക്കുന്നവർക്ക് നാലു വർഷം സായുധസേനകളിലേക്കുള്ള മറ്റു റിക്രൂട്ട്മെന്റുകൾക്ക് അവകാശമുണ്ടാകില്ല. പ്രത്യേക സാഹചര്യത്തിലല്ലാതെ ഇക്കാലയളവിൽ പിരിഞ്ഞുപോകാനും പറ്റില്ല. നാലു വർഷത്തിനുശേഷം വ്യോമസേന എല്ലാവരെയും തിരിച്ചയക്കും. അതിനുശേഷം വീണ്ടും വ്യോമസേനയിൽ അപേക്ഷിക്കാൻ അവസരം നൽകും.
നിയമനകാലയളവിൽ ഒരു വർഷം 30 ദിവസം അവധി അനുവദിക്കും. കരസേനയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ആദ്യവിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് ലഫ്റ്റനന്റ് ജനറൽ ബൻസി പൊനപ്പ പറഞ്ഞു. വിവിധ റിക്രൂട്ട്മെന്റ് യൂനിറ്റുകളുടെ വിജ്ഞാപനങ്ങൾ ജൂലൈ ഒന്നു മുതൽ പുറത്തിറങ്ങും. ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ രാജ്യത്തുടനീളം റിക്രൂട്ട്മെൻറ് റാലികൾ നടക്കും. ഡിസംബർ ഒന്നാമത്തെയോ രണ്ടാമത്തെയോ ആഴ്ച 25,000 പേരടങ്ങുന്ന ആദ്യബാച്ചിന്റെ പരിശീലനമാരംഭിക്കും. ഫെബ്രുവരി 23ന് രണ്ടാം ബാച്ചിന്റെ പരിശീലനവും തുടങ്ങും. 40,000 അഗ്നിവീറുകൾക്കായി 83 റിക്രൂട്ട്മെന്റ് റാലികൾ നടത്തും.
നാവികസേന ഈ മാസം 25ന് റിക്രൂട്ട്മെന്റ് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് വൈസ് അഡ്മിറൽ ദിനേശ് ത്രിപാഠി വ്യക്തമാക്കി. പുരുഷന്മാരെയും വനിതകളെയും നാവികസേന റിക്രൂട്ട് ചെയ്യും.
പ്രക്ഷോഭമോ കലാപമോ കൊണ്ടല്ല 'അഗ്നിപഥ്' പദ്ധതിയിൽ ഇളവ് പ്രഖ്യാപിച്ചതെന്നും അത് നേരത്തേ തീരുമാനിച്ചതാണെന്നും ലഫ്റ്റനന്റ് ജനറൽ അനിൽ പുരി ഞായറാഴ്ച വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു.
പ്രക്ഷോഭത്തിനിറങ്ങിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തണം
ന്യൂഡൽഹി: 'അഗ്നിപഥ്' പദ്ധതിക്കെതിരെ നടന്ന പ്രക്ഷോഭത്തിലോ വിധ്വംസകപ്രവർത്തനങ്ങളിലോ പങ്കെടുത്തിട്ടില്ലെന്ന് 'അഗ്നിവീർ' റിക്രൂട്ട്മെന്റിന് അപേക്ഷ നൽകുന്നവർ സാക്ഷ്യപ്പെടുത്തണം. 18 വയസ്സിനു താഴെയുള്ളവരുടെ അപേക്ഷഫോറത്തിൽ മാതാപിതാക്കളോ രക്ഷിതാക്കളോ ഒപ്പുവെക്കണം.
വ്യോമസേന പുറത്തിറക്കിയ 29 ഇന മാർഗനിർദേശങ്ങളിൽ ഇക്കാര്യം വ്യക്തമാക്കുന്നു. സായുധസേനകളുടെ അടിത്തറ അച്ചടക്കമാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ സൈനികകാര്യ വകുപ്പിലെ അഡീഷനൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി പറഞ്ഞു. അവിടെ കൊള്ളിവെപ്പിന് സ്ഥാനമില്ല. അതിനാൽ തങ്ങൾ ഈ പ്രക്ഷോഭത്തിലും നശീകരണപ്രവർത്തനങ്ങളിലും ഭാഗഭാക്കായിട്ടില്ല എന്ന് അവർ എഴുതി നൽകണം.
പദ്ധതിക്ക് മുന്നോടിയായി പൊലീസ് വെരിഫിക്കേഷൻ ഉള്ളതിനാൽ ഇവർക്ക് എന്തായാലും അഗ്നിവീറുകളാകാൻ കഴിയില്ല. സേവനത്തിനിടെ അഗ്നിവീർ മരിച്ചാൽ ഒരുകോടി നഷ്ടപരിഹാരമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.