മിശ്രവിവാഹം വർഗീയ സംഘർഷം കുറക്കും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മിശ്രവിവാഹത്തിലൂടെ വർഗീയ സംഘർഷങ്ങൾ ഒരു പരിധിവരെ കുറക്കാനാകുമെന്ന് സുപ്രീംകോടതി. വിദ്യാസമ്പന്നരായ യുവതലമുറ ജാതിയും മതവും മാറിയുള്ള വിവാഹങ്ങളിൽ അസ്വാഭാവികത കാണുന്നില്ലെന്നും അവരെ സഹായിക്കാൻ കോടതികൾ സന്നദ്ധമാണെന്നും സുപ്രീംകോടതി വിധിന്യായത്തിൽ പറഞ്ഞു.
വിദ്യാസമ്പന്നരായ ആൺകുട്ടികളും പെൺകുട്ടികളും ജാതിക്കും മതത്തിനും അതീതമായി ജീവിതപങ്കാളികളെ തെരഞ്ഞെടുക്കുന്നു. ഇത് ജാതി-മത സംഘർഷങ്ങൾ ഒരു പരിധിവരെ കുറയാൻ കാരണമാക്കുമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിെൻറ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.
ബംഗളൂരു സ്വദേശിയായ കോളജ് അധ്യാപികയുടെ കേസിൽ വിധി പറയുകയായിരുന്നു കോടതി. എം.ബി.എ ബിരുദധാരിയായ അധ്യാപികയും ഇതര ജാതിയിൽപെട്ട എം.ടെക് കാരനായ അധ്യാപകനും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ ഭർത്താവിനെ ഉപേക്ഷിച്ച് വീട്ടുകാർക്കൊപ്പം പോകാൻ പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ നിർബന്ധിച്ചു. തുടർന്നാണ് യുവതി കോടതിയെ സമീപിക്കുന്നത്.
വിഷയത്തിൽ പൊലീസിനെയും ശക്തമായി വിമർശിച്ച കോടതി, അടുത്ത എട്ടാഴ്ചക്കകം പൊലീസിന് ഇത്തരം കേസുകൾ കൈകകാര്യം ചെയ്യുന്നതിന് മികച്ച പരിശീലനം നൽകണമെന്നും ആവശ്യപ്പെട്ടു. ഹാദിയ കേസ് അടക്കം പരാമർശിച്ച ബെഞ്ചിലെ ജസ്റ്റിസ് ഋഷികേശ് റോയ് ജാതി, മതം എന്നിവക്ക് അതീതമായി വിവാഹം കഴിക്കുന്ന യുവജനങ്ങൾക്ക് കോടതിയുടെ പരിഗണന ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.