അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം
text_fieldsഅമരാവതി: കോടികളുടെ നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിന് ആന്ധ്രപ്രദേശ് ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒക്‌ടോബർ 18ന് നായിഡുവിന്റെ കുടുംബാംഗങ്ങളും ടി.ഡി.പി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെൻട്രൽ ജയിലിൽ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകൾ അറിയിക്കുകയും ചെയ്തിരുന്നു.
തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് നായിഡുവിന് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ നായിഡു ജയിലിന് പുറത്തിറങ്ങും. അതേസമയം, മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്.
സ്ഥിരജാമ്യത്തിനുള്ള അപേക്ഷ കോടതി നവംബർ 10ലേക്ക് മാറ്റി. നായിഡുവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തത് സംസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കമുണ്ടാക്കുകയും ടി.ഡി.പി അനുഭാവികളും പൊലീസും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തിരുന്നു. 'താൻ തടവിൽ കഴിയുന്ന ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന്' ആരോപിച്ച് കഴിഞ്ഞയാഴ്ച നായിഡു പ്രത്യേക കോടതിക്ക് കത്തെഴുതുകയും ജയിലിന് പുറത്ത് തനിക്ക് നൽകിയിട്ടുള്ള ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷക്ക് അനുസൃതമായി മെച്ചപ്പെട്ട ക്രമീകരണത്തിനായി അഭ്യർഥിക്കുകയും ചെയ്തിരുന്നു.
നൈപുണ്യ വികസന കോർപ്പറേഷനിൽ നിന്നുള്ള ഫണ്ട് ദുരുപയോഗം ചെയ്തെന്നാരോപിച്ച് 2021ല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ കഴിഞ്ഞ സെപ്‌റ്റംബര്‍ 9നാണ് ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. അന്നുമുതൽ രാജമുണ്ട്രി സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.