ഗുജറാത്ത്: ബി.ജെ.പിയിൽ സീറ്റ് തർക്കം
text_fieldsഅഹ്മദാബാദ്: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 26 സീറ്റും തൂത്തുവാരിയ ബി.ജെ.പിക്ക് ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ല. മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ചില മണ്ഡലങ്ങളിൽ പാർട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നു. അംറേലി, രാജ്കോട്ട്, സബർകാന്ത, സുരേന്ദ്രനഗർ, വഡോദര എന്നീ മണ്ഡലങ്ങളിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുന്നതായാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്.
രാജ്കോട്ട് സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ പർശോത്തം രൂപാലയുടെ രജ്പുത് വിരുദ്ധ പ്രസ്താവനയാണ് ആഭ്യന്തര തർക്കത്തിന്റെ കാരണങ്ങളിലൊന്ന്. നിരവധി രജ്പുത് രാജാക്കന്മാർ ബ്രിട്ടീഷുകാരുമായി സഹകരിച്ചുവെന്ന പ്രസ്താവന ക്ഷത്രിയവിഭാഗത്തിന്റെ കടുത്ത വിമർശനത്തിനിടയാക്കി. പ്രസ്താവനയിൽ പ്രതിഷേധിച്ച് ക്ഷത്രിയ സമുദായ നേതാവ് രാജ് ശഖാവത്ത് ബി.ജെ.പി അംഗത്വം രാജിവെക്കുകയും ചെയ്തു. രൂപാലയുടെ പ്രസ്താവനക്കെതിരെ കർണിസേനയും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. രൂപാലയുടെ സ്ഥാനാർഥിത്വം പിൻവലിക്കണമെന്നാണ് കർണി സേനയുടെ ആവശ്യം. അല്ലാത്തപക്ഷം പരാജയം നേരിടാൻ ഒരുങ്ങിക്കൊള്ളണമെന്നും അവർ മുന്നറിയിപ്പ് നൽകി.
അംറേലിയിൽ ഭാരത് സുതാരിയയുടെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയും പാർട്ടിയിൽ കലഹം മൂത്തു. സിറ്റിങ് എം.പി നരാൻ കച്ചാഡിയയുടെ അനുയായികളാണ് പ്രധാനമായും സുതാരിയക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ശനിയാഴ്ച രാത്രി വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെട്ട് ചർച്ചനടത്തിയശേഷവും ഇരുഗ്രൂപ്പുകളും തമ്മിലുള്ള തർക്കം തുടരുകയാണ്. വഡോദരയിൽ സിറ്റിങ് എം.പി രഞ്ജൻ ഭട്ടിന്റെ സ്ഥാനാർഥിത്വത്തിനെതിരെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട്, ഹെമാങ് ജോഷിയെ സ്ഥാനാർഥിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.