ജെ.എൻ.യുവിലെ അതിക്രമം; ഒരു വർഷം കഴിഞ്ഞും എങ്ങുമെത്താതെ പൊലീസ് അന്വേഷണം
text_fields
മാസ്കണിഞ്ഞ് ജെ.എൻ.യു കാമ്പസിൽ അതിക്രമിച്ചുകടന്ന 100 ഒാളം എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും ക്രൂരമായി മർദിച്ചൊതുക്കിയ നടുക്കുന്ന സംഭവത്തിന് ഒരു വർഷം പൂർത്തിയാകുേമ്പാഴും അന്വേഷണം എവിടെയുമെത്തിക്കാതെ ഡൽഹി പൊലീസ്. പ്രതികളെ കുറിച്ച് സൂചനകൾ ലഭ്യമാണെങ്കിലും ഇതുവരെയും ആരെയെകിലും അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമർപ്പിക്കുകയോ പോലും ചെയ്തില്ലെന്നതാണ് കൗതുകം.
കഴിഞ്ഞ വർഷം ജനുവരി അഞ്ചിനായിരുന്നു രാജ്യത്തിെൻറ മനഃസാക്ഷിയെ നടുക്കി മാസ്കണിഞ്ഞ അക്രമിക്കൂട്ടം ഇന്ത്യയുടെ അഭിമാന കലാലയത്തിെൻറ മുറ്റത്തും കെട്ടിടങ്ങൾക്കകത്തും മണിക്കൂറുകളോളം താണ്ഡവമാടിയത്. 36 വിദ്യാർഥികൾക്കു മാത്രമല്ല, നിരവധി അധ്യാപകർ, ജീവനക്കാർ എന്നിവർക്കും പരിക്കേറ്റു. നാലു ദിവസം കഴിഞ്ഞ് പത്രസമ്മേളനം വിളിച്ചുചേർത്ത ഡൽഹി പൊലീസ് പ്രതിപ്പട്ടികയിൽ ചേർത്ത് ഒമ്പതു വിദ്യാർഥികളുടെ പേര് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചെങ്കിലും രണ്ടു പേർ മാത്രമായിരുന്നു എ.ബി.വി.പിക്കാർ. അപ്പോഴും സംഘടനയുടെ പേര് പറയാതെ പൊലീസ് ജാഗ്രത കാണിച്ചു. അവശേഷിച്ചവർ ഇടത് അനുഭാവമുള്ള വിദ്യാർഥികളുമായിരുന്നു.
വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ സമർപ്പിച്ച അന്വേഷണം വൈകാതെ ക്രൈംബ്രാഞ്ചിന് കൈമാറി. 20 അംഗ പ്രത്യേക സംഘത്തെ നിയമിക്കുകയും ചെയ്തു. ഫെബ്രുവരിയിൽ സമാനമായി വടക്കു കിഴക്കൻ ഡൽഹിയിൽ അതിക്രമം നടന്നപ്പോഴും ഇതേ സംഘത്തിന് തന്നെ അന്വേഷണത്തിെൻറ ഉത്തരവാദിത്വം ലഭിച്ചു. കോവിഡ് കാലത്ത് വർഗീയ ധ്രുവീകരണത്തിന് ഏറെ പഴികേട്ട നിസാമുദ്ദീൻ മർകസിനെതിരായ കേസും ഇവർക്കായിരുന്നു.
ജെ.എൻ.യു കേസിൽ 88ഓളം പേരിൽനിന്ന് മൊഴിയെടുത്ത പൊലീസ് പരിക്കേറ്റ വിദ്യാർഥികൾ, അധ്യാപകർ, സുരക്ഷ ജീവനക്കാർ തുടങ്ങിയവരെയും കണ്ടുവെന്ന് പറയുന്നുവെങ്കിലും ഇരകൾ ഈ അവകാശവാദം നിഷേധിക്കുന്നു. സംഭവത്തിൽ കടുത്ത വിമർശനം ഏറ്റുവാങ്ങിയ ജെ.എൻ.യു അധികൃതരും അഞ്ചംഗ സമിതിയെ വെച്ചെങ്കിലും അതും എവിടെയുമെത്താതെ അവസാനിച്ച മട്ടാണ്.
ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് ഐഷെ ഘോഷിന് മാത്രം തലയിലേറ്റ പരിക്കിന് 16 തുന്നാണ് വേണ്ടിവന്നത്. ഒരിക്കൽ പോലും തന്നോട് അതിക്രമത്തെ കുറിച്ച് അന്വേഷണ സംഘം ചോദിച്ചില്ലെന്ന് ഐഷെ ഘോഷ് പറയുന്നു. തലയിൽ നാലു തുന്നലുള്ള പ്രഫ. സുചരിത സെന്നിനും സമാന പരാതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.