ഇന്ധനവില വർധനവിന് കാരണം ഉൽപാദനകുറവ്; സെഞ്ച്വറി അടിച്ചതിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിന്‍റെ കാരണം അന്താരാഷ്ട്ര വിപണിയുടെ തലയിൽകെട്ടിവെച്ച് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. ആഗോള വിപണിയിൽ ഉൽപ്പാദനം കുറച്ചതാണ് ഇന്ധനവില കുതിച്ചുയരാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഇന്ധനവില ഉയരുന്നതിൽ രണ്ടു പ്രധാന കാരണങ്ങളാണുള്ളത്. ആഗോള വിപണിയിൽ ഇന്ധന ഉൽപാദനം കുറക്കുകയും കൂടുതൽ ലാഭത്തിനായി ഉൽപാദക രാജ്യങ്ങൾ കുറവ് ഇന്ധനം ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയെപ്പോലെ ഉപഭോക്തൃ സംസ്ഥാനങ്ങൾ ഇതിന്‍റെ ക്ലേശം അനുഭവിക്കുകയാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഒപെക് രാജ്യങ്ങളോട് ഇത്തരത്തിൽ നടപടി സ്വീകരിക്കരുതെന്ന് അഭ്യർഥിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് പെട്രോൾ വില നൂറുകടന്നിരുന്നു. രാജസ്ഥൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വില സെഞ്ച്വറിയടിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ പെട്രോൾ വില 90ഉം ഡീസൽ വില 85ഉം കടന്നു.
അതേസമയം ഉപഭോക്ത്യ സംസ്ഥാനങ്ങളായ അയൽ രാജ്യങ്ങൾ വളരെ കുറഞ്ഞ വിലയിലാണ് പെട്രോളും ഡീസലും വിൽക്കുന്നത്. ശ്രീലങ്കയിൽ പെട്രോൾ 60 രൂപക്കും ഡീസൽ 38 രൂപക്കുമാണ് വിൽക്കുന്നത്. നേപ്പാളിൽ പെട്രോളിന് 69ഉം പാകിസ്താനിൽ 51ഉം ബംഗ്ലാദേശിൽ 76 ഉം ആണ് പെട്രോളിന്‍റെ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.