ഗുസ്തി താരങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണ
text_fieldsന്യൂഡൽഹി: ലൈംഗികാതിക്രമ കേസിലെ പ്രതി ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പോക്സോ അടക്കമുള്ള കേസുകളിൽ നിന്ന് രക്ഷപ്പെടുത്താൻ തീവ്രശ്രമം നടക്കുന്നതിനിടെ ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐ.ഒ.സി) അന്താരാഷ്ട്ര ഗുസ്തി സംഘടനയായ യുനൈറ്റഡ് വേൾഡ് റസ്ലിങ്ങും. പൊലീസ് അതിക്രമത്തിനും മെഡലുകൾ ഗംഗയിൽ എറിയാനുള്ള താരങ്ങളുടെ തീരുമാനത്തിനും പിന്നാലെയാണ് സമരത്തിന് അന്താരാഷ്ട്രതല ശ്രദ്ധവരുന്നത്.
ഇന്ത്യയിൽ കായിക താരങ്ങൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമവും കേസ് കൈകാര്യംചെയ്ത രീതിയും ആശങ്കയുണ്ടാക്കുന്നതാണെന്ന് ഐ.ഒ.സിയും യുനൈറ്റഡ് വേൾഡ് റസ്ലിങ്ങും വ്യക്തമാക്കി. കായികതാരങ്ങളെ സംരക്ഷിക്കണമെന്ന് ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയോട് ഐ.ഒ.സി വക്താവ് ആവശ്യപ്പെട്ടു. ലൈംഗികാരോപണങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടത്തണം. കായികതാരങ്ങളുടെ സുരക്ഷ പരിഗണിക്കപ്പെടണമെന്നും ഐ.ഒ.സി അഭ്യർഥിച്ചു.
ഇന്ത്യയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും യുനൈറ്റഡ് വേൾഡ് റസ്ലിങ് പ്രസ്താവനയിൽ വിശദീകരിച്ചു. 45 ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തിയില്ലെങ്കിൽ ഇന്ത്യൻ ഗുസ്തി അസോസിയേഷനെ സസ്പെൻഡ് ചെയ്യുമെന്നും അവർ പറഞ്ഞു. അതിനിടെ, സമരത്തിന് പിന്തുണ അറിയിച്ച് വ്യാഴാഴ്ച സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷക സംഘടനകളും സംയുക്ത ട്രേഡ് യൂനിയനുകളും രാജ്യവ്യാപകമായി സമരം നടത്തുമെന്ന് അറിയിച്ചു.
കർഷക നേതാക്കളുടെ നേതൃത്വത്തിൽ തുടർനടപടികൾ ചർച്ചചെയ്യാൻ യു.പി മുസഫർനഗറിൽ വ്യാഴാഴ്ച ഭാരതീയ കിസാൻ യൂനിയൻ (ബി.കെ.യു) മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്. ഗുസ്തി താരങ്ങളോട് അഞ്ചു ദിവസത്തെ സമയം ആവശ്യപ്പെട്ട കർഷകനേതാക്കൾ സമരത്തിന്റെ ഭാവി പരിപാടികൾ മഹാപഞ്ചായത്തിൽ വിശദമായി ചർച്ച ചെയ്യാമെന്ന് അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് സമരക്കാർ ഹരിദ്വാറിൽനിന്ന് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.