ഇന്ത്യൻ മുസ് ലിംകൾക്കെതിരായ ജിഹാദി ആരോപണങ്ങളെ അപലപിച്ച് ആഗോള ഇസ് ലാമിക പണ്ഡിതസഭ
text_fieldsദോഹ: ഇന്ത്യൻ മുസ് ലിംകൾക്കെതിരായ ജിഹാദി ആരോപണങ്ങൾക്കെതിരെ ആഗോള ഇസ് ലാമിക പണ്ഡിത സഭ. ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ്, കൊറോണ ജിഹാദ് എന്നീ ആരോപണങ്ങൾ അപലപനീയമെന്ന് പണ്ഡിത സഭാ സെക്രട്ടറി ജനറൽ ശൈഖ് അലി അൽ ഖറദാഗി വ്യക്തമാക്കി.
ഇന്ത്യയിൽ മുസ് ലിം ന്യൂനപക്ഷത്തിന് നിയമപരമായ സംരക്ഷണം ഒരുക്കാൻ മുസ് ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും പണ്ഡിതരും ചിന്തകരും തയാറാകണം. ഇന്ത്യയിലെ മുസ് ലിംകൾക്കെതിരായ ആസൂത്രിതമായ അക്രമങ്ങളെയും തെറ്റായ ആരോപണങ്ങളെയും ശക്തമായി അപലപിക്കണം. വിദ്വേഷം പ്രചരിപ്പിക്കാനും മുസ് ലിം ന്യൂനപക്ഷത്തിനെതിരായ ശാരീരിക ആക്രമണങ്ങൾ മാത്രമല്ല മാനസികമായി തളർത്തുന്ന വിധമുള്ള നട്ടാൽമുളക്കാത്ത നുണകളും പ്രചരിപ്പിക്കുന്നത് മുൻ കാലങ്ങളിൽ വർഗീയ ഹിന്ദു തീവ്രവാദികളായിരുന്നെങ്കിൽ ഇപ്പോൾ മറ്റ് ചിലരും അത് ഏറ്റെടുത്തിരിക്കുന്നു.
ഇസ് ലാമിലേക്ക് മറ്റുള്ളവരെ ആകർഷിക്കാൻ മതത്തിന്‍റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ മയക്കുമരുന്ന് പോലെയുള്ള തിന്മകളിലേക്ക് ചേർത്താണ് ഇത്തരം ആരോപണങ്ങൾ എന്നത് അത്ഭുതകരമാണ്. മുസ് ലിംകളെ ബഹിഷ്കരിക്കാനും അവരുടെ കടകളും വ്യാപാര സ്ഥാപനങ്ങളും ഉപരോധിക്കാനുംവരെ ആഹ്വാനം ചെയ്യുന്ന സങ്കുചിത മനോഭാവക്കാരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.
മുസ് ലിം ഭരണത്തിന് കീഴിൽ ഇന്ത്യ നൂറ്റാണ്ടുകൾ നിലനിന്നിരുന്നുവെന്നും ഹിന്ദുക്കളായ ഭൂരിപക്ഷത്തെ ഇസ് ലാമിൽ പ്രവേശിക്കാൻ നിർബന്ധിച്ചിട്ടില്ലെന്നതും ഏവർക്കും അറിയുന്ന ചരിത്രമാണ്. ദേശീയ, പ്രാദേശിക ഭരണ പാർട്ടികളുടെ പിന്തുണയോടെയും പ്രോത്സാഹനത്തോടെയും മൗനാനുവാദത്തോടെയും നടക്കുന്ന ഹീനമായ കൃത്യങ്ങളെ ന്യായീകരിക്കാനും മുസ് ലിംകളെ അവരുടെ ദേശീയത, പൗരത്വം എന്നിവ ഇല്ലാതാക്കാനുള്ള നീക്കങ്ങളെ ന്യായീകരിക്കാനും വേണ്ടിയാണ് ഈ തെറ്റായ ആരോപണങ്ങളും കുപ്രചരണങ്ങളെന്നും പണ്ഡിത സഭ ആശങ്കപ്പെടുന്നതായി അലി അൽ ഖറദാഗി ഔദ്യോഗിക ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.