കർഷക മാർച്ചിനെ നേരിടാൻ വൻ സന്നാഹം; നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്റർനെറ്റിനും നിരോധനം
text_fieldsന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ചിനെ നേരിടാൻ വൻ സന്നാഹമൊരുക്കി കേന്ദ്രം. ഫെബ്രുവരി 13ന് നടക്കുന്ന മാർച്ചിൽ 200ഓളം കർഷക സംഘടനകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താങ്ങുവില ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകസംഘടനകളുടെ മാർച്ച്.
മാർച്ചിന് മുന്നോടിയായി പഞ്ച്കുളയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലെ പല ജില്ലകളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കും എസ്.എം.എസുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിന് പുറമേ അംബാല, ജിന്ദ്, ഫത്തേഹാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ അതിർത്തി അടക്കാനും നിർദേശം നൽകിയിട്ടുണ്ട്. കാൽനടയോ, ട്രാക്ടർ ട്രോളികൾ ഉപയോഗിച്ചോ മാർച്ച് നടത്തുന്നതിനും വിലക്കേർപ്പെടുത്തി. ആയുധങ്ങളും വടികളും കൊണ്ടുപോകരുതെന്നും പൊലീസ് നിർദേശം.
കർഷകരുടെ ഡൽഹി ചലോ മാർച്ചിന് മുന്നോടിയായി യോഗം വിളിച്ച് കേന്ദ്രസർക്കാറിന്റെ അനുനയ നീക്കം നടത്തുന്നുണ്ട്. ചണ്ഡിഗഢിൽ നാളെ അഞ്ചുമണിക്കാണ് യോഗം. കൃഷി മന്ത്രി അർജുൻ മുണ്ട, ഭക്ഷ്യ മന്ത്രി പിയൂഷ് ഗോയൽ, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ മോർച്ച (നോൺ- പൊളിറ്റിക്കൽ) കോ- ഓർഡിനേറ്റർ ജഗ്ജിത് സിങ് ദല്ലേവാളിനും കിസാൻ മസ്ദൂർ മോർച്ച കോർഡിനേറ്റർ സർവാൻ സിങ് പന്ദേർക്കും കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.