മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു; അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റിന് വിലക്ക്
text_fieldsഇംഫാൽ: ഇടവേളക്കുശേഷം മണിപ്പുർ വീണ്ടും വംശീയ കലാപ ഭൂമിയായി. കുക്കികളും മെയ്തെയികളും തമ്മിൽ കാങ്പോക്പി ജില്ലയിലുണ്ടായ സംഘർഷത്തിൽ ഞായറാഴ്ച 46 വയസ്സുള്ള സ്ത്രീ മരിച്ചു. വ്യാപക പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. മൂന്ന് ജില്ലകളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
ക്രമസമാധാന നില തകരാറിലായതിനാൽ സംസ്ഥാന പൊലീസ് മേധാവിയും സുരക്ഷ ഉപദേശകനും രാജിവെക്കണമെന്നാവശ്യപ്പെട്ട് വനിതകളും വിദ്യാർഥികളും ഇംഫാലിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. 2000 സി.ആർ.പി.എഫ് ജവാന്മാരെ കൂടി മണിപ്പൂരിലേക്കയക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 58ാം ബറ്റാലിയൻ തെലങ്കാനയിലെ വാറങ്കലിൽനിന്നും 112ാം ബറ്റാലിയൻ ഝാർഖണ്ഡിൽനിന്നും മണിപ്പൂരിലേക്ക് യാത്ര തിരിച്ചു. ചുരാചന്ദ്പൂരിലും ഇംഫാലിലുമാണ് ഇൗ സംഘം ക്യാമ്പ് ചെയ്യുക. നിലവിൽ സി.ആർ.പി.എഫിന്റെ 11 ബറ്റാലിയൻ (11,000 ജവാന്മാർ) മണിപ്പൂരിലുണ്ട്.
ഞായറാഴ്ച രാത്രിയാണ് കാങ്പോക്പിയിൽ താങ്ബുഹ് ഗ്രാമത്തിലുണ്ടായ സംഘർഷത്തിൽ നെംജാഖോൽ ലുങ്ഡിം എന്ന 46കാരി മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഘർഷത്തിനിടെ വീടുകൾക്ക് അക്രമികൾ തീയിട്ടു. രക്ഷതേടി പലരും കാട്ടിലൊളിച്ചതായി പൊലീസ് പറഞ്ഞു. ഇരുവിഭാഗങ്ങളും ശക്തിയേറിയ ബോംബുകൾ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. സമീപത്തെ സ്കൂളിൽ നിലയുറപ്പിച്ചിരുന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും ഒരു വിഭാഗം ആളുകളും തമ്മിൽ വെടിവെപ്പും നടന്നു. വംശീയ പോരിൽ കഴിഞ്ഞയാഴ്ച 11 പേരാണ് മരിച്ചത്. ശനിയാഴ്ച ജിരിബാം ജില്ലയിലെ വിദൂരപ്രദേശത്ത് ഏഴുപേർക്ക് സംഘർഷത്തിൽ ജീവൻ നഷ്ടമായിരുന്നു. ബ്രോഡ്ബാന്റും മൊബൈൽ ഫോണുമടക്കമുള്ള ഇൻർനെറ്റ് സേവനങ്ങൾ ഈമാസം 15 വരെയാണ് വിച്ഛേദിച്ചത്. വിദ്വേഷ പ്രസംഗങ്ങളും ഫോട്ടോകളും വിഡിയോകളും പ്രചരിക്കാതിരിക്കാനാണ് നടപടി. ഇംഫാൽ ഇൗസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൾ ജില്ലകളിൽ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് നിരോധനാജ്ഞ.
രാജ്ഭവനു മുന്നിൽ നിരോധനാജ്ഞ ലംഘിച്ച് നിരവധി വിദ്യാർഥികളാണ് പ്രതിഷേധിച്ചത്. പൊലീസിന് നേരെ കല്ലെറിഞ്ഞ ഇവരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ചു. ഡ്രോൺ വഴിയുള്ള ആക്രമണം തടയാൻ ഡ്രോൺ ഗൺ അടക്കമുള്ള ഉപകരണങ്ങൾ സുരക്ഷ ഏജൻസികൾക്ക് നൽകും. അതേസമയം, ഡ്രോണുകളും റോക്കറ്റുകളും സംഘർഷത്തിൽ ഉപയോഗിച്ചില്ലെന്ന അസം റൈഫിൾസ് മുൻ മേധാവിയും മലയാളിയുമായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രന്റെ അഭിപ്രായം മണിപ്പൂർ പൊലീസ് തള്ളി. മണിപ്പൂർ പൊലീസ് മെയ്തേയ് പൊലീസാണെന്നും ജൂലൈയിൽ വിരമിക്കുന്നതിനുമുമ്പ് അസം റൈഫിൾസ് തലവൻ അഭിപ്രായപ്പെട്ടതും പൊലീസ് ഐ.ജി കെ. ജയന്ത സിങ് നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.