അന്തർസംസ്ഥാന യാത്ര; ക്വാറന്റീൻ മാർഗനിർദേശം പുതുക്കി
text_fieldsബംഗളൂരു: കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽനിന്നും കർണാടകയിലേക്ക് എത്തുന്നവർക്കായുള്ള മാർഗനിർദേശം സർക്കാർ പുതുക്കി. സംസ്ഥാനത്തേക്ക് എത്തുന്നവർ സേവാസിന്ധു വെബ് പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. എന്നാൽ, യാത്രാപാസ് ആവശ്യമില്ല. രജിസ്റ്റർ ചെയ്തതിെൻറ പകർപ്പ് മതിയാകും. നേരേത്തയും ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ജൂൺ എട്ടുമുതൽ ഇതും വേണ്ടെന്ന തരത്തിൽ പ്രചാരണം വന്നതോടെയാണ് പുതുക്കിയ മാർഗനിർദേശം പുറത്തുവിട്ടത്.
അതിർത്തി ചെക്ക് പോസ്റ്റുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനലുകൾ, തുറമുഖങ്ങൾ എന്നിവിടങ്ങളിൽ എല്ലാ യാത്രക്കാരിലും ആരോഗ്യപരിശോധന നടത്തും. ബിസിനസ് ആവശ്യത്തിന് വരുന്നവർ ഒഴിച്ചുള്ളവരുടെ കൈപ്പത്തിക്കു പിന്നിൽ 14 ദിവസത്തെ ഹോം ക്വാറൻറീൻ സ്റ്റാമ്പ് പതിക്കും. മഹാരാഷ്ട്രയിൽനിന്നുൾപ്പെടെ എത്തുന്ന രോഗ ലക്ഷണമുള്ളവരെ കോവിഡ് കെയർ സെൻററിലെ ഐസൊലേഷനിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റും. എത്തുമ്പോൾതന്നെ ഇവരുടെ സാമ്പ്ൾ പരിശോധിക്കും. ഫലം പോസിറ്റിവായാൽ അവരെ ഉടൻ കോവിഡ് ആശുപത്രിയിലേക്കു മാറ്റും. നെഗറ്റിവ് ആണെങ്കിൽ മറ്റു ആരോഗ്യസ്ഥിതികൾ പരിശോധിച്ചശേഷം 14 ദിവസത്തെ ഹോം ക്വാറൻറീനിലാക്കും.
മഹാരാഷ്ട്രയിൽനിന്ന് എത്തുന്നവരുടെ നിരീക്ഷണത്തിലും മാറ്റം വരുത്തി. ആദ്യത്തെ ഏഴു ദിവസം നിർബന്ധിത ക്വാറൻറീനും തുടർന്ന് ഏഴു ദിവസം ഹോം ക്വാറൻറീനിലും കഴിയണം. 50 വയസ്സിന് മുകളിലുള്ളവർ, ഗുരുതരമായ അസുഖം ബാധിച്ചവർ തുടങ്ങിയവരെ സംസ്ഥാനത്തെത്തി അഞ്ചാം ദിവസം പരിശോധിക്കും. മഹാരാഷ്ട്രയിൽനിന്ന് അടിയന്തര ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് രോഗലക്ഷണമില്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ ഒഴിവാക്കി ഹോം ക്വാറൻറീനിലേക്കു മാറ്റും. കോവിഡ് നെഗറ്റിവ് പരിശോധനഫലവുമായി എത്തുന്നവരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കും. ഇവർ വീട്ടിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
ഇതര സംസ്ഥാനങ്ങൾ കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരിൽ രോഗ ലക്ഷണമില്ലാത്തവർ 14 ദിവസം ഹോം ക്വാറൻറീനിൽ കഴിയണം. ക്വാറൻറീൻ കാലയളവിൽ രോഗലക്ഷണം പ്രകടമായാൽ സ്രവപരിശോധന നടത്തും. ഹോം ക്വാറൻറീൻ സൗകര്യമില്ലാത്തവർക്ക് സർക്കാർ ക്വാറൻറീൻ ഏർപ്പെടുത്തും.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ബിസിനസ് ആവശ്യത്തിന് കർണാടകയിലേക്ക് എത്തുന്നവരിൽ 48 മണിക്കൂറിലോ അതിൽ കുറവോ സമയം മാത്രം ചെലവഴിക്കുന്നവർക്ക് കോവിഡ് പരിശോധനയും ക്വാറൻറീനും ഒഴിവാക്കി. അവർ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം. 48 മണിക്കൂറിൽ കൂടുതൽ സമയവും ഏഴുദിവസത്തിൽ കുറവും സംസ്ഥാനത്ത് തങ്ങുന്നവർ ഏഴു ദിവസത്തിനുള്ളിലുള്ള മടക്കയാത്രാ ടിക്കറ്റ് കാണിക്കുകയും കോവിഡ് പരിശോധന നടത്തുകയും വേണം.
നെഗറ്റിവ് ഫലം ലഭിക്കുന്നതുവരെ ഇവർ ക്വാറൻറീനിൽ കഴിയണം. സംസ്ഥാനത്തേക്ക് എത്തുന്നതിനു മുമ്പുള്ള രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഐ.സി.എം.ആര് അംഗീകരിച്ച ലാബില്‍ പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തുന്നവരെ ക്വാറൻറീനിൽനിന്ന് ഒഴിവാക്കും. ബിസിനസ് യാത്രക്കാർ എത്തുമ്പോൾ സീൽ പതിക്കില്ല. എന്നാൽ, കർണാടക വഴി മറ്റു സംസ്ഥാനത്തേക്ക് പോകുന്നവർക്ക് സീൽ പതിപ്പിക്കും.
മറ്റു സംസ്ഥാനങ്ങളിൽ പോയി നാലു ദിവസത്തിനുള്ളിൽ മടങ്ങിയെത്തുന്ന കർണാടകയിലെ ബിസിനസുകാരെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. നാലു ദിവസത്തിനുശേഷമാണ് അവർ വരുന്നതെങ്കിൽ ആപ്തമിത്ര ഹെൽപ് ലൈനിൽ (14410) അടുത്ത 14 ദിവസത്തെ ആരോഗ്യനില അറിയിക്കണം. ഇതോടൊപ്പം ക്വാറൻറീൻ പ്രോട്ടോക്കോൾ തുടരുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.