എെൻറ പോരാട്ടം കപട ഹിന്ദുത്വരോട് -സ്വാമി അഗ്നിവേശ് INTERVIEW
text_fields2018ൽ സംഘ്പരിവാറിെൻറ ആൾക്കൂട്ട ആക്രമണത്തിന് ശേഷം സ്വാമി അഗ്നിവേശ് ഡൽഹി സഫ്ദർജങ്ങിലെ വസതിയിൽ വെച്ച് 'മാധ്യമം' ലേഖകനുമായി സംസാരിച്ചതിൻെറ പ്രസക്തഭാഗം
ആക്രമണവാർത്ത പുറത്തുവന്ന ശേഷം ഝാർഖണ്ഡ് മുഖ്യമന്ത്രിയോ കേന്ദ്ര-സംസ്ഥാന മന്ത്രിമാരോ സന്ദർശിക്കുകയോ ഫോണിൽ വിളിക്കുകയോ ചെയ്തോ?
ഒരാളും ഫോണിൽ പോലും ഇന്നുവരെ വിളിച്ചിട്ടില്ല. ആക്രമണം നടന്നയുടൻ വിളിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെയാണ്. അദ്ദേഹം ഫോൺകാൾ എടുത്തില്ല. ഒരു മെസേജ് അയച്ചു. ഇന്നുവരെ മറുപടി അയച്ചിട്ടില്ല. സർക്കാറിൽനിന്നോ ബി.ജെ.പിയിൽനിന്നോ ഉത്തരവാദപ്പെട്ട ഒരാളും ഇതുവരെ എന്നെ ബന്ധപ്പെട്ടിട്ടില്ല.
ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസിന് താങ്കളോടുള്ള അനിഷ്ടത്തിന് കാരണമെന്താണ്? സംഘ്പരിവാറിെൻറ വിരോധത്തിനും ഇതാണോ കാരണം?
ഝാർഖണ്ഡിൽ 210 ധാരണപത്രങ്ങളാണ് ആദിവാസി ഭൂമിക്കായി ഒപ്പിട്ടിട്ടുള്ളത്. 25,000 ഏക്കർ ആദിവാസി ഭൂമി മോദിയുടെ വലംകൈയായ അദാനിക്ക് മാത്രം കൈമാറാൻ ഒരുങ്ങുകയാണ്. ധാതുസമ്പത്തുള്ള 3,50,000 ഏക്കർ ഭൂമി ആദിവാസികളുടെ ൈകവശമാണ്. എെൻറ സന്ദർശനം അത്ര പന്തിയല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. ജനകീയ പ്രസ്ഥാനമായി ആദിവാസി മേഖലയിൽ പത്തൽഗഡി മാറിയതോടെ ഏതുവിധേനയും പിടിച്ചുകെട്ടാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് ഞാൻ പരിപാടിക്കായി ചെല്ലുന്നത്. ഇവരുടെ തെരുവുനാടക സംഘവുമായി ബന്ധപ്പെട്ട് കൂട്ട മാനഭംഗ വാർത്ത വരുന്നതും അറസ്റ്റ് നടക്കുന്നതും തൊട്ടുമുമ്പാണ്. ഇൗ മാനഭംഗക്കേസ് പത്തൽഗഡി പ്രസ്ഥാനത്തെ തകർക്കാൻ ഭരണകൂടം രഘുബർ ദാസ് സർക്കാർ ഉപയോഗിച്ചു.
എന്താണ് 'പത്തൽഗഡി പ്രസ്ഥാനം'? താങ്കളെപോലുള്ളവർ അവരെ പിന്തുണക്കുന്നതും സംഘ്പരിവാർ രൂക്ഷമായി എതിർക്കുന്നതും എന്തുകൊണ്ടാണ്?
ആദിവാസികൾക്ക് വനഭൂമിയിലും വനവിഭവങ്ങളിലും ഇന്ത്യൻ ഭരണഘടന അനുവദിച്ച പ്രത്യേകാവകാശങ്ങൾ അട്ടിമറിക്കാൻ ഝാർഖണ്ഡിലെ രഘുബർദാസ് സർക്കാർ നിയമദേഗതി കൊണ്ടുവന്നതോടെയാണ് പത്തൽഗഡി പ്രസ്ഥാനം തുടങ്ങിയത്. ആദിവാസി ഭൂമി കൈമാറാൻ പാടില്ലെന്ന നിയമം മാറ്റി കാർഷികേതര ആവശ്യത്തിന് സർക്കാറിനും സ്വകാര്യമേഖലക്കും വനഭൂമി പങ്കാളിത്തത്തിൽ നൽകാമെന്നായിരുന്നു ഇൗ ഭേദഗതി. ബിർസ മുണ്ട എന്ന പഹാഡിയ ഗോത്രനേതാവ് ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച മണ്ണിലായിരുന്നു തുടക്കം. ബിർസ മുണ്ട ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ കാലത്ത് മഹാത്മാ ഗാന്ധിയോ സുഭാഷ്ചന്ദ്ര ബോസോ ഭഗത് സിങ്ങോ ജനിച്ചിട്ടുപോലുമില്ല.
ഇൗ ബിർസ മുണ്ടയുടെ പിന്മുറക്കാർെക്കതിരെയാണ് ഏറ്റവും വലിയ അതിക്രമങ്ങൾ ഝാർഖണ്ഡിൽ നടക്കുന്നത്. മധ്യ ഇന്ത്യ എന്നുപറയുന്ന ഒഡിഷയിലും ഛത്തിസഗ്ഢിലും ഝാർഖണ്ഡിലും ബിഹാറിലും ആന്ധപ്രദേശിലുമുള്ള ആദിവാസി മേഖലകളിലാണല്ലോ ഏറ്റവും കൂടുതൽ ധാതുസമ്പത്തുള്ളത്. ആേഗാളവത്കരണത്തിനുശേഷം പുത്തൻ സാമ്പത്തിക നയങ്ങൾക്ക് തുടക്കമിട്ടതോെട പ്രകൃതി സമ്പത്തുക്കളുടെ സ്വകാര്യവത്കരണത്തിനും വഴിയൊരുങ്ങി. ഇൗ മേഖലകളിൽ സർക്കാറുകൾക്ക് ആകക്കൂടിയുണ്ടായിരുന്ന ലക്ഷ്യം ഇൗ ധാതുസമ്പത്ത് വലിയ കോർപറേറ്റുകൾക്ക് തുച്ഛവിലക്ക് ഏതുവിധേനയും കൈമാറണമെന്നതായി.
കൃഷിയും വനവിഭവങ്ങളും ആശ്രയിച്ച് ജീവിച്ചിരുന്ന ഇൗ മനുഷ്യർ കുടിയിറക്കപ്പെട്ട് ഭൂമി നഷ്ടപ്പെട്ട് കടുത്ത ദാരിദ്ര്യത്തിലാകുകയും കൂട്ടത്തോടെ പലായനം ചെയ്യേണ്ടിയും വന്നു. ജമ്മുവിലും പഞ്ചാബിലും ഗുജറാത്തിലും കുടിയേറ്റ തൊഴിലാളികളായി പലരും പോയി. ഇഷ്ടികച്ചൂളകളിലും കല്ല് ക്വാറികളിലുമൊക്കെയാണ് പലരുടെയും ജീവിതം. അവരുടെ പെൺമക്കളിൽ പലരും വീട്ടുവേലക്കാരികളായി നഗരങ്ങളിലെത്തുകയോ ചുവന്ന തെരുവുകളിലേക്ക് വിൽക്കപ്പെടുകയോ ചെയ്തു.
ഇതിനെ ചെറുക്കാനാണ് 1996ൽ പാർലമെൻറ് നിയമമുണ്ടാക്കിയത്. 'പെസ നിയമം-1996 എന്നുപേരിട്ട പുതിയ നിയമനിർമാണത്തോടെ രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിലുള്ള നിയമങ്ങൾ ആദിവാസി മേഖലക്ക് ബാധകമല്ലാതായി. അതുപ്രകാരം തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾ ആദിവാസി മേഖലകളിലുണ്ടാകില്ല. ഇൗ മേഖലയിലെ ഭൂമിയുടെയും ധാതു, വന സമ്പത്തിെൻറയും നിയന്ത്രണം ആ ഗ്രാമവാസികൾക്കായിരിക്കും. അതിനായി പ്രത്യേക ഗ്രാമസഭ ഒാരോ ആദിവാസി ഗ്രാമത്തിലുമുണ്ടാക്കും. ആ ഗ്രാമസഭക്കായിരിക്കും ഫലത്തിൽ ആ ഗ്രാമത്തിലെ മുഴുവൻ വിഭവങ്ങൾക്കുംേമലുള്ള നിയന്ത്രണം. ഇന്ത്യയുടെ മറ്റു ജില്ലകളിലുള്ളതു പോലെ ജില്ല ഭരണകൂടം ഇവിടെയുണ്ടാകില്ല. അതിനുപകരം സ്വയംഭരണാവകാശമുള്ള ജില്ല കൗൺസിലുകളായിരിക്കും അധികാരം കൈയാളുക.
ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ കുടുതലായും ഝാർഖണ്ഡ്, ഛത്തിസ്ഗഢ് മേഖലകളിലെ ആദിവാസി വിഭാഗങ്ങൾ എത്തുന്നതും ഇൗ കുടിയിറക്കലിെൻറയും പലായനത്തിെൻറയും ഭാഗമാണോ?
ആദിവാസിമേഖലകളിലെ കുടിയിറക്കിനെ തുടർന്നുള്ള കുടിയേറ്റങ്ങളാണിവ. സമൂഹത്തിെൻറ ഏറ്റവും താേഴത്തട്ടിലുള്ള ഇൗ ആദിവാസികൾ ഇന്ത്യയിൽ നിലവിൽ പാർശ്വവത്കരിക്കപ്പെട്ട പിന്നാക്ക വിഭാഗങ്ങൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ എന്നിവെരക്കാളെല്ലാം കൂടുതലായി ചൂഷണം ചെയ്യപ്പെട്ടു. ഇതിനെതിരായ ചെറുത്തുനിൽപും പോരാട്ടവും തുടങ്ങിയവരെയൊക്കെ മാവോയിസ്റ്റും നക്സലൈറ്റുമായി മുദ്രകുത്തി. ഒരിക്കൽ ആ ചീത്തപ്പേര് ചാർത്തിക്കഴിഞ്ഞാൽപ്പിന്നെ അവരെ എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യമായി. കൊല്ലാൻവരെ അവകാശമായി.
ആദിവാസി മേഖലയിൽ ജനാധിപത്യപരമായി ഗോത്രവർഗക്കാരെ ബോധവത്കരിക്കാനും ശാക്തീകരിക്കാനുമിറങ്ങിയ ആദിവാസി യുവാക്കളെ കൈകളിൽ ആയുധങ്ങളൊന്നുമില്ലാതിരുന്നിട്ടും േതാക്കുകളേന്തി നടക്കുന്നവരാണെന്ന് പ്രചരിപ്പിച്ചു. അവരുടെ പക്കൽ പരമ്പരാഗതമായി കൊണ്ടുനടക്കുന്ന അമ്പും വില്ലുമല്ലാതെ മറ്റൊന്നുമില്ല എന്നറിയാമെങ്കിലും എ.കെ -47 തോക്കുകളുണ്ടെന്ന് പറഞ്ഞുപരത്തി കടുത്ത പീഡനങ്ങൾക്കിരയാക്കുകയും ജയിലിലടക്കുകയും ചെയ്തു. വിചാരണയും കുറ്റപത്രങ്ങളുമില്ലാതെ പതിനായിരക്കണക്കിന് ആദിവാസികൾ ഇൗ മേഖലകളിൽ ജയിലുകളിലായി. ഇത്തരമൊരു സാഹചര്യത്തിലാണ് പത്തൽഗഡി പ്രസ്ഥാനത്തിന് ആദിവാസികൾ തുടക്കമിടുന്നത്.
ഒാരോ ഗ്രാമത്തിലും പ്രവേശിക്കുന്നിടങ്ങളിൽ ആ വനഭൂമിയിൽ ആദിവാസികൾക്കുള്ള ഭരണഘടനാപരമായ അവകാശം കൊത്തിവെച്ച കല്ലുകൾ സ്ഥാപിച്ചു. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളും 1996ലെ പെസ നിയമവും ആ കല്ലുകളിൽ വ്യക്തമാക്കിയ അവർ ഇന്ത്യൻ ഭരണഘടന അനുവദിച്ച അവകാശങ്ങൾ അനുവദിക്കാത്ത ആരും ഗ്രാമത്തിലേക്ക് കയറരുതെന്ന് കുറിച്ചു. ഭരണഘടന സ്വയംഭരണാവകാശം അനുവദിച്ച ഗ്രാമങ്ങളിൽ മറ്റൊരു ഭരണകൂടവും പ്രവേശിക്കരുതെന്നും അതിലുണ്ടായിരുന്നു. ഇൗ പ്രതിഷേധപ്രസ്ഥാനമാണ് പത്തൽഗഡി എന്നറിയപ്പെട്ടത്. ഇൗ പ്രസ്ഥാനത്തോടെ ഭൂമി കൈയേറ്റത്തിനെത്തിയ സർക്കാർ പേടിച്ചു. ഭരണഘടനാനുസൃതമായതിനാൽ ഇവർക്കെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയായി.
ആദിവാസി ജില്ലകളിലും മേഖലകളിലും നിയമസഭ പാസാക്കുന്ന നിയമങ്ങൾ ആദിവാസികൾക്ക് അനുകൂലമല്ലെങ്കിൽ ഗവർണർക്ക് മറികടന്ന് തീരുമാനമെടുക്കാൻ അധികാരമുണ്ട്. അവരുെട ഭാഷ, സംസ്കാരം, പരമ്പരാഗത ആചാരങ്ങൾ ഉത്സവങ്ങൾ എന്നിവക്ക് വല്ല ഭീഷണിയും നേരിട്ടാൽ ഗവർണർക്ക് സംസ്ഥാന സർക്കാറിനെതിരെ നടപടിയെടുക്കാം. എന്നാൽ ഭരണഘടന നിലവിൽവന്ന് 70 വർഷമായിട്ടും ഒരു ഗവർണറും ഇൗ പ്രത്യേകാധികാരം ഉപയോഗിച്ചിട്ടില്ല.
ഇതേക്കുറിച്ച് ആദിവാസി മേഖലയിലുള്ളവർക്ക് ധാരണയുണ്ടോ? ഇൗ വിഷയത്തിൽ അവർക്ക് ആരെങ്കിലും വിദ്യാഭ്യാസം നൽകിയിരുന്നോ?
അങ്ങേയറ്റം പാണ്ഡിത്യമുള്ള വലിയൊരു മനുഷ്യനാണ് രാജ്യത്തെ ആദിവാസികളെ ഇതുസംബന്ധിച്ച വിദ്യാഭ്യാസം നൽകിയത്; ഛത്തിസ്ഗഢിലെ ബസ്തർ ജില്ലാ കലക്ടറായിരുന്ന ബി.ഡി. ശർമ. ആദിവാസി ഗ്രാമങ്ങളിലൂടെ പതിവായി നടന്നുപോയിരുന്നു അദ്ദേഹം. പിൽക്കാലത്ത് ദേശീയ പട്ടികജാതി-പട്ടികവർഗ കമീഷൻ ചെയർമാനായ അദ്ദേഹം പാർലമെൻറിന് ഒരു റിപ്പോർട്ട് സമർപ്പിച്ചു.
തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകൾക്ക് അധികാരം നൽകാനുള്ള പഞ്ചായത്തീ രാജ് നിയമത്തോടെ ആദിവാസി ഗ്രാമങ്ങൾ ദുരിതത്തിലായി. സമ്പത്തും സ്വാധീനവുമുള്ളവർ അധികാരം കൈക്കലാക്കി ആദിവാസികെള ദ്രോഹിക്കാൻ തുടങ്ങിയ സമയത്തായിരുന്നു അത്. ഛത്തിസ്ഗഢ് മധ്യപ്രദേശ് സംസ്ഥാനത്തിെൻറ ഭാഗമായിരുന്ന കാലത്തെ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിെൻറ പിന്തുണയോടെ ബി.ഡി. ശർമ ഇതിനെ ചെറുക്കാനുള്ള നിയമനിർമാണവുമായി മുന്നോട്ടുപോയി. അങ്ങനെയുണ്ടാക്കിയ കരട് പഞ്ചായത്ത് എക്സ്റ്റൻഷൻ ഒാഫ് ഷെഡ്യൂൾഡ് ഏരിയ ആക്ട് (പെസ) പാർലമെൻറിൽ ബില്ലായി വന്ന് 1996ൽ നിയമമായി മാറി. എന്നാൽ വിചിത്രമെന്നു പറയെട്ട, കൗശലക്കാരായ സർക്കാറുകൾ 1996ലുണ്ടാക്കിയ ഇൗ നിയമത്തിന് രണ്ടു പതിറ്റാണ്ടിന് ചട്ടം ഉണ്ടാക്കിയില്ല. 20 വർഷത്തിനുശേഷമാണ് പെസ നിയമത്തിൽ 2016 ൽ ഒരു സെമിനാറെങ്കിലും ഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ചത്. ബി.െജ.പിയിലേക്ക് വന്ന ഹരിയാനയിലെ പഴയ കോൺഗ്രസ് നേതാവും ഇപ്പോൾ കേന്ദ്രമന്ത്രിയുമായ ചൗധരി വീരേന്ദ്ര സിങ് ആണ് ഇതിന് മുൻകൈ എടുത്തത്. രണ്ടു ദിവസത്തെ ആ സെമിനാറിൽ പെങ്കടുത്തതോടെയാണ് ആദിവാസികൾക്കുവേണ്ടി ഇറങ്ങാൻ ഞാൻ തീരുമാനിച്ചത്.
രാജ്യത്താകമാനം സംഘ്പരിവാർ നടത്തുന്ന ആൾക്കൂട്ട ആക്രമണങ്ങളുടെ ഭാഗമാണോ താങ്കൾക്കെതിരെ നടന്നതും? ഇവയെല്ലാം ആസൂത്രണത്തിലും നടത്തിപ്പിലും ഒരുേപാലെയാണെന്ന് പറയാനാകുമോ?
രാജ്യത്തെല്ലായിടത്തും ഇതേ പാറ്റേണിലാണ് ആൾക്കൂട്ട ആക്രമണങ്ങൾ നടക്കുന്നത്. ഇതിനെ ആൾക്കൂട്ട ആക്രമണമെന്ന് വിളിക്കരുത്. ഇത് ഭീകരപ്രവർത്തനമാണ്. ആൾക്കൂട്ടം ആക്രമിച്ചു, ജനക്കൂട്ടം കൊന്നു എന്നൊക്കെ പറയുന്നത് ഇതിനെ ചെറുതാക്കിക്കാണലാണ്. ഇന്ത്യയുെട ഭരണഘടനക്കെതിരായ ആക്രമണമാണിത്. ആദിവാസികൾക്കും സംസ്കാരചിത്തരായ സമൂഹത്തിനുമെതിരെയുള്ള ആക്രമണം. രാജസ്ഥാനിലെ ആൽവറിൽ ഇൗ തരത്തിൽ ആദ്യത്തെ ആക്രമണം നടന്നപ്പോൾ ജയ്പുരിൽ ഞാൻ പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു. ഇൗ ആക്രമണം നടത്തുന്നവർക്കുമേൽ ഭീകരവിരുദ്ധ നിയമം ചുമത്തണമെന്ന് അന്ന് ഞാൻ ആവശ്യപ്പെട്ടതാണ്.
പാർശ്വവത്കൃത വിഭാഗങ്ങൾക്കുവേണ്ടി പൊരുതുന്നതിനിടയിൽ ആക്രമണത്തിനിരയായ താങ്കൾക്ക് രാജ്യത്തെ മനുഷ്യരോട് പറയാനുള്ളതെന്താണ്?
എനിക്കുനേരെ നടന്ന ആക്രമണം കൂരിരുട്ടിലെ രജതരേഖയാണ്. നരേന്ദ്ര മോദിയും അമിത് ഷായും അവരുടെ ഭരണകൂടങ്ങളും കോർപറേറ്റുകളും ചെയ്യുന്നതെന്താണെന്ന് രാജ്യത്തിനു മുമ്പിൽ തുറന്നുകാണിക്കാൻ രാജ്യവ്യാപകമായ പര്യടനത്തിനിറങ്ങുകയാണ്. അല്ലെങ്കിലും ഇതെല്ലാം നിർത്തി എങ്ങോട്ടു പോകാനാണ്? ഇനി പിന്നോട്ടില്ല. ആക്രമണത്തെ തുടർന്ന് നടക്കാതെപോയ ആ പരിപാടി നടത്തും.
ഭൂരിപക്ഷ ഹിന്ദു സമുദായത്തിനിടയിൽ പ്രവർത്തിക്കുന്ന സംഘടനകളിൽനിന്ന് സ്വാമിയെന്ന നിലയിൽ താങ്കൾക്ക് ഏതെങ്കിലും തരത്തിലുള്ള പിന്തുണ ലഭിച്ചോ?
ഹിന്ദു സമുദായത്തിലെ വലത് തീവ്ര സംഘടനകളെല്ലാം ഇതിനെ ന്യായീകരിക്കുകയല്ലേ ചെയ്തത്? ഞാനൊരു തട്ടിപ്പുകാരനാണെന്നും ഇൗ ആക്രമണം വളെര നന്നായെന്നും അല്ലേ ഝാർഖണ്ഡ് മന്ത്രി പറഞ്ഞത്? ഞാൻ ക്രിസ്ത്യൻ മിഷനറിമാരുടെ ആളാണെന്നും എനിക്ക് കുറെ പണം കിട്ടുന്നുണ്ടെന്നും പറഞ്ഞു. ആര്യസമാജത്തെ പിന്തുടരുന്ന വേദം ഗ്രഹിച്ച സ്വാമിയെന്ന നിലയിൽ ഞാൻ ഏതെങ്കിലും ജാതിയോ വർഗീയതയോ പിന്തുടരുന്നില്ല. ഞാൻ അനുഷ്ഠിക്കുന്നതാണ് സനാതന ധർമമെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ അനുഷ്ഠിക്കുന്നത് കപട ഹിന്ദുത്വമാണ്. ഇൗ കപട ഹിന്ദുത്വരോടും ഇവരുടെ സങ്കുചിത ചിന്താഗതിയോടും അക്രമത്തോടുമാണ് പൊരുതാനുള്ളത്. നൂറ്റാണ്ടുകളായി രൂപപ്പെടുത്തിയ മഹത്തായ സംസ്കാരമാണ് ഭീഷണിയിലായിരിക്കുന്നത്. ബി.ജെ.പിയുടെയും യുവമോർച്ചയുടെയും എ.ബി.വി.പിയുടെയും ഇൗ ആക്രമണകാരികളെല്ലാം ഗുണ്ടകളാണ്.
സുപ്രീംകോടതി ഇടപെടലോടെ ആൾക്കൂട്ട ആക്രമണങ്ങൾ അവസാനിക്കുമെന്ന് കരുതുന്നുണ്ടോ?
സുപ്രീംകോടതി വിധി വന്ന് മണിക്കൂറുകൾക്കകമല്ലേ എനിക്കെതിരെ ആക്രമണം നടന്നത്? ആ വിധിക്കുശേഷവും ദിനേന ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇൗ ആക്രമണത്തിെൻറ ആസൂത്രകരായ സംഘ്പരിവാറിനെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിൽ നിന്നിറക്കുകയാണ് ഇതിനുള്ള പരിഹാരം. എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഇൗ ലക്ഷ്യത്തിനായി പരമാവധി ജനങ്ങളെ ഒരുമിച്ചുകൂട്ടുകയാണ് വേണ്ടത്. മതവർഗീയതക്കും ജാതി മേൽക്കോയ്മക്കും എതിരെയാകണം ഇൗ മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.