കശ്മീരിൽ മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തൽ; അന്വേഷണത്തിന് പ്രത്യേക സമിതി
text_fieldsശ്രീനഗർ: ജമ്മു-കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ ഭരണകൂടം ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണം അന്വേഷിക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) മൂന്നംഗ പ്രത്യേക സമിതിക്ക് രൂപം നൽകി.
മുൻ മുഖ്യമന്ത്രിയും പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) അധ്യക്ഷയുമായ മെഹബൂബ മുഫ്തി പങ്കുവെച്ച ആശങ്കയുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണ് പി.സി.ഐ അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയത്. പ്രകാശ് ദുബെയാണ് സമിതി കൺവീനർ. പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിെൻറ ഗ്രൂപ് എഡിറ്റർ, ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ മാധ്യമ പ്രവർത്തകൻ ഗുർബീർ സിങ്, ജൻ മോർച്ചയുടെ ഗ്രൂപ് എഡിറ്റർ ഡോ. സുമൻ ഗുപ്ത എന്നിവരാണ് മറ്റ് അംഗങ്ങൾ. വിഷയത്തിൽ സമിതി സമഗ്ര അന്വേഷണം നടത്തുമെന്ന് പി.സി.ഐ വ്യക്തമാക്കി.
ജമ്മു-കശ്മീരിൽ മാധ്യമ പ്രവർത്തകരെ ഭരണകൂടം ഭീഷണിപ്പെടുത്തുന്നതിലെ ആശങ്ക പങ്കുവെച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെഹബൂബ പി.സി.ഐക്ക് കത്തെഴുതിയിരുന്നു. രണ്ടു വർഷത്തിനിടെ ജമ്മു-കശ്മീരിൽ 23 മാധ്യമപ്രവർത്തകരെ ഭരണകൂടം രാജ്യം വിട്ടുപോകുന്നതിന് നിയന്ത്രണമുള്ള പട്ടികയിൽ ഉൾപ്പെടുത്തിയതായും സംഭവത്തിെൻറ ഗൗരവം കണക്കിലെടുത്ത് അടിയന്തര ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
നിരവധി മാധ്യമപ്രവർത്തകരെ ഭരണകൂടം ഭീഷണിപ്പെടുത്തുകയും അന്യായമായി തടങ്കലിൽ വെക്കുകയും ചെയ്യുന്നതായി അവർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.