മുസ്ലിം വിരുദ്ധത വളർത്താനും അക്രമം പടർത്താനും ഫേസ്ബുക്കിനെ വ്യാപകമായി ഉപയോഗിക്കുന്നു; കണ്ണടച്ച് കമ്പനി
text_fieldsഇന്ത്യയിൽ വിദ്വേഷം പടർത്താനും മുസ്ലിം വിരുദ്ധത വളർത്താനും ഫേസ്ബുക്കിനെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തൽ. ഫേസ്ബുക്ക് തന്നെ നിശ്ചയിച്ച ഗവേഷകരുടെ കണ്ടെത്തലുകൾ ന്യൂയോർക്ക് ടൈംസാണ് പുറത്തുവിട്ടത്. തെറ്റായ വിവരങ്ങളും വിദ്വേഷവും ഫേസ്ബുക്കിൽ നിറഞ്ഞിരിക്കുകയാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
നിരവധി പേജുകളും അക്കൗണ്ടുകളും വിദ്വേഷപ്രചരണത്തിന് മാത്രമായി നിലനിൽക്കുന്നുണ്ട്. മുസ്ലിം വിരുദ്ധതയും മുസ്ലിംകൾക്കെതിരായ വെറുപ്പും പ്രചരിപ്പിക്കുന്നതിൽ ബജ്റംഗ്ദൾ പോലുള്ളവയുടെ പങ്ക് റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും ഉപേ്യാഗിച്ചാണ് മുസ്ലിംകൾക്കെതിരായ വിദ്വേഷം പടർത്തുന്നത്.
ഒരു ഗവേഷകൻ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ അനുഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. കേരളത്തിൽ ജീവിക്കുന്നയാൾ എന്ന നിലക്കാണ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയത്. തുടർന്ന് മൂന്ന് ആഴ്ച ഫേസ്ബുക്ക് അൽഗോരിതമനുസരിച്ച് നിർദേശക്കുന്ന മുഴുവൻ പേജുകളിലും ചേർന്നു. അൽഗോതിമനുസരിച്ച് വരുന്ന പോസ്റ്റുകളും വിഡിയോകളും പരിശോധിച്ചു. വിദ്വേഷ പ്രസംഗങ്ങളുടെയും പോസ്റ്റുകളുടെയും ഒരു കുത്തൊഴുക്ക് തന്നെയാണ് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാജവാർത്തകളും വെറുപ്പും നിറഞ്ഞ പോസ്റ്റുകളും വിഡിയോകളുമായിരുന്നു ഏറെയും. ബോധപൂർവം വിദ്വേഷ പ്രചാരണത്തെ മാറ്റിനിർത്തിയില്ലെങ്കിൽ ആരെയും അപരവിദ്വേഷത്തിന് അടിമയാക്കാനാകുന്ന അളവിൽ വ്യാജവാർത്തകളും പോസ്റ്റുകളും വിഡിയോകളും ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഈ അനുഭവം തെളിയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് അവസ്ഥ.
വിദ്വേഷം പടർത്തുന്ന അക്കൗണ്ടുകൾക്കും പേജുകൾക്കും ഭരണകക്ഷിയോടടക്കമുള്ള അടുപ്പവും ഗവേഷകരുടെ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നുണ്ട്. തീപിടിപ്പിക്കുന്ന തരത്തിലുള്ള മുസ്ലിം വിരുദ്ധതയും വെറുപ്പും പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും പേജുകളും ഇന്ത്യയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഗവേഷകരുടെ റിപ്പോർട്ടിൽ ഫേസ്ബുക്ക് ഇതുവരെ നടപടി ഒന്നും എടുത്തതായി വ്യക്തമല്ല. ഏറ്റവും വലിയ വിപണിയിൽ ഭരണകക്ഷിയെ തെറ്റിച്ചുകൊണ്ട് വാണിജ്യ താൽപര്യങ്ങൾ വേണ്ടെന്ന് വെക്കാൻ ഫേസ്ബുക്കിന് ആകില്ലെന്ന വിമർശനം നേരത്തെ തന്നെ ശക്തമാണ്. വിദ്വേഷം പടർത്തുന്ന ഗ്രൂപ്പുകളും പേജുകളും സംബന്ധിച്ച് പരാമർശം ഉണ്ടെങ്കിലും അവയൊക്കെയും തടസമേതുമില്ലാതെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഫേസ്ബുക്ക് അൽഗോരിതം സ്വാഭാവികമായി തന്നെ പ്രവർത്തിക്കുേമ്പാൾ വിദ്വേഷ പോസ്റ്റുകൾക്ക് കൂടുതൽ റീച്ചുണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും അതിൽ എന്തെങ്കിലും മാറ്റം വരുത്താൻ കമ്പനി തുനിഞ്ഞിട്ടില്ല.
ഫേസ്ബുക്കിലെ മുൻ ജീവനക്കാരനും വിസിൽേബ്ലാവറുമായ ഫ്രാൻസെസ് ഹേഗനെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ ഗവേഷകരുടെ റിപ്പോർട്ട് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.