നടി സ്വർണം കടത്തിയ കേസ്; പൊലീസ് വീഴ്ച അന്വേഷിക്കാനുള്ള ഉത്തരവ് പിൻവലിച്ചു
text_fieldsനടി രന്യ റാവു
ന്യൂഡൽഹി: കന്നഡ നടി രന്യ റാവുവിന്റെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകളും കൃത്യവിലോപങ്ങളും അന്വേഷിക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സി.ഐ.ഡി) നൽകിയ നിർദേശം കർണാടക സർക്കാർ റദ്ദാക്കി .
തിങ്കളാഴ്ച രാത്രിയാണ് സി.ഐ.ഡി അന്വേഷണത്തിന് ആദ്യം ഉത്തരവിട്ടതെങ്കിലും പിന്നീട് അത് പിൻവലിച്ചതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പുതുക്കിയ ഉത്തരവനുസരിച്ച്, രന്യയുടെ രണ്ടാനച്ഛനും ഡി.ജി.പി റാങ്കിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായ കെ. രാമചന്ദ്ര റാവുവിന്റെ പങ്കാളിത്തത്തെക്കുറിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത അന്വേഷണം നടത്തും. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12.56 കോടി രൂപയുടെ സ്വർണ ബാറുകൾ നടിയിൽനിന്ന് കഴിഞ്ഞദിവസം അധികൃതർ പിടിച്ചെടുത്തതോടെയാണ് കേസ് പ്രാധാന്യം നേടിയത്. അവരുടെ വസതിയിൽ നടത്തിയ തുടർന്നുള്ള പരിശോധനകളിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയുടെ പണവും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ, സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവു അറസ്റ്റിലായതിനു പിന്നാലെ വിവിധയിടങ്ങളിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ) നൽകിയ മൊഴിയിൽ താൻ നടത്തിയ വിദേശ യാത്രകളെക്കുറിച്ചും സ്വർണം എങ്ങനെയാണ് കടത്തിയെന്നതിനെക്കുറിച്ചും രന്യ റാവു വിശദീകരിച്ചിരുന്നു. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാഴാഴ്ച 11 സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി. രന്യയുടെ വീട്ടിലും കൂടാതെ സുഹൃത്തിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.