"അന്വേഷണങ്ങൾ നിയമവിരുദ്ധവും ഭരണഘടന വിരുദ്ധവും"; ലഫ്റ്റനന്റ് ഗവർണർക്കെതിരെ മനീഷ് സിസോദിയ
text_fieldsന്യൂഡൽഹി: ഒന്നിന് പുറമേ ഒന്നായി അന്വേഷണത്തിനുത്തരവിട്ട് ലഫ്റ്റനന്റ് ഗവർണർ രാഷ്ട്രീയ പ്രേരിതമായ നടപടികളെടുക്കുകയാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹിയിൽ എ.എ.പി സർക്കാർ നടപ്പാക്കിയ സൗജന്യ വൈദ്യുതി പദ്ധതിക്കെതിരെ ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന അന്വേഷണമാവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
വൈദ്യുതി സബ്‌സിഡിയിലെ ക്രമക്കേടുകളും പൊരുത്തക്കേടുകളും അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സക്‌സേന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ മദ്യനയത്തിൽ സിസോദിയക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷമാണ് സക്‌സേന പുതിയ അന്വേഷണത്തിന് ഉത്തരവിട്ടത്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ അന്വേഷണത്തിന് ഉത്തരവിടുകയാണെന്ന് സിസോദിയ പ്രതികരിച്ചു. "ഭൂമി, പൊലീസ്, പൊതു ക്രമം, സേവനങ്ങൾ എന്നിവ ഒഴികെയുള്ള ഒരു കാര്യത്തിലും ഉത്തരവിടാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങളുടെ എല്ലാ ഉത്തരവുകളും രാഷ്ട്രീയ പ്രേരിതമാണ്. ഇതുവരെ നടത്തിയ ഒരു അന്വേഷണത്തിലും ഒന്നും പുറത്ത് കൊണ്ടുവന്നിട്ടില്ല. ഭരണഘടനയനുസരിച്ച് പ്രവർത്തിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു"- സിസോദിയ പറഞ്ഞു. എ.എ.പി സർക്കാരിന്‍റെ പദ്ധതികളെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്‍റെ പുതിയ നീക്കമാണിതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.