ക്രിസ് ഗെയ്‍ലിന്‍റെ ചിത്രം കാണിച്ച് നിക്ഷേപത്തട്ടിപ്പ്; സഹോദരൻ ഉൾപ്പെടുന്ന സംഘം കോടികൾ തട്ടി, പരാതിയുമായി 60കാരി
text_fieldsഹൈദരാബാദ്: സഹോദരൻ ഉൾപ്പെടെ ഏഴുപേർ നിക്ഷേപത്തട്ടിപ്പിന് ഇരയാക്കിയെന്ന പരാതിയുമായി 60കാരി രംഗത്ത്. വിദേശത്ത് പ്രവർത്തിക്കുന്ന കാപ്പി പൊടി നിർമാണ കമ്പനിയുടെ പേരിലാണ് തന്നെയും മറ്റുചിലരെയും തട്ടിപ്പിന് ഇരയാക്കിയതെന്നും സ്വന്തം കൈയിൽനിന്ന് 2.8 കോടി രൂപ സംഘം തട്ടിയെടുത്തെന്നും പരാതിക്കാരി പറയുന്നു. ആകെ 5.7 കോടി രൂപയാണ് പലരിൽനിന്നായി സംഘം പറ്റിച്ചു വാങ്ങിയത്.
2019ലാണ് ബിസിനസുകാരി കൂടിയായ പരാതിക്കാരിയെ സഹോദരനും ഭാര്യയും സമീപിച്ചത്. കെനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാപ്പി പൊടി നിർമാണ കമ്പനി യു.എസിൽ പുതിയ യൂണിറ്റ് തുടങ്ങുന്നതിന്‍റെ ഭാഗമായാണ് നിക്ഷേപകരെ തേടുന്നതെന്നും പ്രതിമാസം നാല് ശതമാനം ലാഭം നേടാമെന്നും ഇവർ പരാതിക്കാരിയെ തെറ്റിധരിപ്പിച്ചു.
കമ്പനി ഉടമ തന്‍റെ പരിചയക്കാരനാണെന്നും, താൻ വൈകാതെ ബിസിനസ് പങ്കാളിയാകുമെന്നും സഹോദരൻ പരാതിക്കാരിയെ വിശ്വസിപ്പിച്ചു. കൂടുതൽ വിശ്വാസ്യതക്കായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‍ൽ കമ്പനിയുടെ ബിസിനസ് പ്രൊമോട്ടറാണെന്നു പറയുകയും ഇത് തെളിയിക്കുന്ന തരത്തിൽ ചിത്രങ്ങളും ദൃശ്യങ്ങളും കാണിക്കുകയും ചെയ്തു.
സഹോദരനെ വിശ്വസിച്ച പരാതിക്കാരി 2.8 കോടി രൂപ നിക്ഷേപിച്ചു. പിന്നാലെ ഇവർ നിർദേശിച്ചതു പ്രകാരം കുടുംബാംഗങ്ങളും സൃഹൃത്തുക്കളും 2.2 കോടിയും മറ്റു പലരും ചേർന്ന് 70 ലക്ഷവും നിക്ഷേപിച്ചു. ഇതോടെ ആകെ നിക്ഷേപം 5.7 കോടിയായി.
തുടക്കത്തിൽ വിശ്വാസം നേടാനായി ഏതാനും മാസം ചെറിയ തോതിൽ പണം തിരിച്ചുനൽകി. 90 ലക്ഷം രൂപ മാത്രമാണ് ഇത്തരത്തിൽ തിരികെ ലഭിച്ചത്. തുടർച്ചയായി പേമെന്‍റ് മുടങ്ങിയതോടെ സഹോദരനുമായി പരാതിക്കാരി വഴക്കിട്ടു. എന്നാൽ ഇതിൽ ഫലമില്ലാതായതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.