ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി
text_fieldsന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള എം.എസ്.സി ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അനുമതി. ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായി ചർച്ച നടത്തിയിരുന്നു.
പിന്നാലെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ജീവനക്കാരെ കാണാൻ ഇറാൻ അനുമതി നൽകിയത്. ഞായറാഴ്ച വൈകീട്ട് ഇറാൻ അധികൃതരുമായി സംസാരിച്ചെന്നും കപ്പലിലെ 17 ഇന്ത്യൻ ജീവനക്കാരുടെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായും ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.
ചരക്കുകപ്പലില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണുള്ളത്. ദുബൈയില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന കപ്പലാണ് ഹുര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ റെവലൂഷണറി ഗാര്‍ഡ്സ് ശനിയാഴ്ച പിടിച്ചെടുത്തത്.
നിലവിൽ കപ്പൽ ഇറാന്‍റെ സമുദ്രപരിധിയിലാണ്. അധികം വൈകാതെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കപ്പലിലെത്തി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.