ഇറാനിലെ ചബഹാർ തുറമുഖ നടത്തിപ്പ് ഇന്ത്യക്ക്
text_fieldsന്യൂഡൽഹി: ഇറാനിലെ ചബഹാറിലെ ഷാഹിദ് ബെഹേഷ്തി തുറമുഖ നടത്തിപ്പിനായി ഇന്ത്യയും ഇറാനും ദീർഘകാല കരാറിൽ ഒപ്പുവെച്ചു. തുറമുഖ, കപ്പൽ ഗതാഗത, ജലപാത മന്ത്രി സർബാനന്ദ സോനോവാളിെന്റ സാന്നിധ്യത്തിൽ ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡും ഇറാനിലെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷനും തമ്മിലാണ് 10 വർഷത്തെ കരാറിൽ ഒപ്പുവെച്ചത്. ഇറാനിലെ ഇന്ത്യൻ എംബസിയാണ് എക്സിൽ ഇക്കാര്യമറിയിച്ചത്. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിെന്റ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്.
ചബഹാറിൽ ഇന്ത്യയുടെ ദീർഘകാല പങ്കാളിത്തത്തിന് കരാറിലൂടെ അടിത്തറ പാകിയതായി ചടങ്ങിൽ സംസാരിച്ച സോനോവാൾ പറഞ്ഞു. ഇറാനിയൻ തുറമുഖ മന്ത്രിയുമായും സോനോവാൾ കൂടിക്കാഴ്ച നടത്തി. ഊർജ സമ്പന്നമായ ഇറാെന്റ തെക്കുകിഴക്കൻ തീരത്ത് സിസ്റ്റാൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ചബഹാർ തുറമുഖം ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാര ബന്ധം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.
ഇന്ത്യക്കും മധ്യേഷ്യക്കും ഇടയിലെ ചരക്കുനീക്കത്തിന് പ്രധാന ഹബ്ബായി തുറമുഖം മാറുമെന്നാണ് കരുതുന്നത്. 7200 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര ഉത്തര-ദക്ഷിണ ഗതാഗത ഇടനാഴിയിലെ പ്രധാന ഹബ്ബാണ് ചബഹാർ.
ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്താൻ, അർമീനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിനുള്ള ഇടനാഴിയാണിത്. ഈ തുറമുഖത്തിന്റെ നിർമാണ പ്രവർത്തനത്തിൽ ഇന്ത്യ നേരത്തേ തന്നെ സഹകരിച്ചിരുന്നു. 2024-25 വർഷത്തേക്ക് വിദേശകാര്യ മന്ത്രാലയം ചബഹാർ തുറമുഖത്തിന് 100 കോടി രൂപ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.