മണിപ്പൂരിൽ ജവാനെയും ഡ്രൈവറെയും വെടിവെച്ചു കൊന്നു; ബന്ദിന് ആഹ്വാനം
text_fieldsഇംഫാൽ: വംശീയ കലാപം അടങ്ങിയ മണിപ്പൂരിൽ വീണ്ടും അക്രമം. കാങ്പോക്പി ജില്ലയിൽ തിങ്കളാഴ്ച ജവാനും ഡ്രൈവറും തീവ്രവാദി വിഭാഗത്തിൽപ്പെട്ടവരെന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് മരിച്ചു.
ഗോത്രവർഗക്കാരായ ഇരുവരും വാഹനത്തിൽ പോകുമ്പോൾ ഹരോതെൽ, കൊബ്ഷ ഗ്രാമങ്ങൾക്കുസമീപം ഇംഫാൽ ആസ്ഥാനമായ ഭൂരിപക്ഷ വിഭാഗക്കാരുടെ തീവ്രവാദി സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ (ഐ.ആർ.ബി) ജവാനാണ്.
സംസ്ഥാനത്ത് വംശീയ കലാപം നടക്കുന്നതിനിടെ സംഭവം നടന്ന സിങ്ധ അണക്കെട്ടിന് സമീപം ഗോത്രവർഗക്കാർ പലതവണ അക്രമണത്തിന് ഇരയായിരുന്നു. അതേസമയം, പ്രകോപനമില്ലാതെ കുക്കി വിഭാഗക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് ഗോത്രവർഗക്കാരുടെ സംഘടന സി.ഒ.ടി.യു ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് കാങ്പോക്പി ജില്ലയിൽ ബന്ദിന് ആഹ്വാനംചെയ്ത സംഘടന ഗോത്രവിഭാഗക്കാർക്കായി പ്രത്യേക ഭരണ സംവിധാനം വേണമെന്നും ആവർത്തിച്ചു.
സംഭവസ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ച് പ്രതികളെ പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മണിപ്പൂരിൽ കഴിഞ്ഞ മേയിൽ തുടങ്ങിയ വംശീയ കലാപത്തിൽ 180 പേരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.