രാജ്യസഭയില്‍ ബി.ജെ.പി ഭൂരിപക്ഷമാകാന്‍ ഇനിയും ഒന്നര വര്‍ഷം
text_fieldsന്യൂഡല്‍ഹി: രാജ്യസഭയിലെ അംഗബലത്തില്‍ മാറ്റം വരാന്‍ ഒന്നര വര്‍ഷം വേണങ്കിലും അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ അജണ്ട മുന്നോട്ടു നീക്കാന്‍ ബി.ജെ.പിക്ക് ധൈര്യം കൂടി. പരിഷ്കരണ അജണ്ടകളുടെയും വിവാദ ബില്ലുകളുടെയും നീക്കം വേഗത്തിലാവും.
രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതുകൊണ്ട് പല ഇഷ്ടവിഷയങ്ങളും പാര്‍ലമെന്‍റില്‍ മുന്നോട്ടുനീക്കാന്‍ കഴിയാത്ത സ്ഥിതി നേരിടുകയായിരുന്നു ബി.ജെ.പി. ചരക്കു സേവന നികുതി സമ്പ്രദായമായ ജി.എസ്.ടി, ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി അടക്കം പല ബില്ലുകളിലെയും വ്യവസ്ഥകള്‍ തിരുത്താന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.
എന്നാല്‍, പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ കുറവായിരുന്ന സമയം നോക്കി കഴിഞ്ഞ വെള്ളിയാഴ്ച ശത്രുസ്വത്ത് ബില്‍ പാസാക്കിയതു പോലുള്ള ഊടുവഴികള്‍ ഇനിയങ്ങോട്ട് ആവര്‍ത്തിച്ചേക്കും. 31 പേര്‍ മാത്രം സഭയിലുള്ളപ്പോള്‍ കാര്യോപദേശക സമിതിയിലെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി നിര്‍ണായക നിയമഭേദഗതി പാസാക്കുകയായിരുന്നു. കരുത്തരായി മാറിയ ബി.ജെ.പിയുമായി സമരസപ്പെടാന്‍ ചെറുകക്ഷികള്‍ താല്‍പര്യപ്പെടുന്ന ലക്ഷണങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം കാണാനുമുണ്ട്.
അംഗങ്ങളുടെ ആറു വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്ന മുറക്കാണ് രാജ്യസഭയില്‍ ഒഴിവുകള്‍ വരുന്നത്. യു.പിയില്‍ ഇത്തരത്തില്‍ 10 ഒഴിവുകള്‍ വരുന്നത് 2018 അവസാനമാണ്. ഫലത്തില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷമാകാന്‍ ഇത്രയും സമയമെടുക്കും.
2019ലാണ് പൊതുതെരഞ്ഞെടുപ്പ്. ഇതിനിടയിലുള്ള ചുരുങ്ങിയ കാലം കൊണ്ട് വലിയ നിയമഭേദഗതികള്‍ക്കും പരിഷ്കരണങ്ങള്‍ക്കും സമയമില്ളെന്ന് കരുതാമെങ്കിലും ചിത്രം മറ്റൊന്നാണ്. പല നിയമഭേദഗതികളും ലോക്സഭ പിന്നിട്ട് രാജ്യസഭയില്‍ പാസാക്കാന്‍ അവസരം കാക്കുന്ന സ്ഥിതി ഉണ്ടാവും. അതില്‍ സുപ്രധാനമായത് ഈ സര്‍ക്കാറിന്‍െറ അവസാന മാസങ്ങളില്‍ പാസായെന്നിരിക്കും. അതിനിടയില്‍ കുറുക്കുവഴികള്‍ തേടിയെന്നിരിക്കും.
രാജ്യസഭയില്‍ ഇപ്പോള്‍ 59 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പിക്ക് 56 സീറ്റ്. സമാജ്വാദി പാര്‍ട്ടി-18, എ.ഐ.എ.ഡി.എം.കെ-11, ജനതാദള്‍ (യു)-10, ബി.എസ്.പി-6, ടി.ഡി.പി-6, എന്‍.സി.പി-5 എന്നിങ്ങനെയാണ് പ്രമുഖ പാര്‍ട്ടികളുടെ അംഗബലം.
ഗുജറാത്തില്‍ നിന്നു നാലും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരും 2018 അവസാനം രാജ്യസഭയില്‍ എത്തണം. ഗുജറാത്തില്‍ നിന്നുള്ളവര്‍ ആരെന്ന കാര്യം ഈ വര്‍ഷാവസാനം അവിടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഫലത്തെ ആശ്രയിച്ചിരിക്കും. 2018ല്‍ തന്നെ മധ്യപ്രദേശില്‍നിന്ന് അഞ്ച്, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് നാലു പേര്‍ വീതം, ഛത്തിസ്ഗഡില്‍ നിന്ന് ഒരാള്‍ എന്ന ക്രമത്തിലും എം.പിമാര്‍ മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.