എയിംസ് എം.ബി.ബി.എസ് പ്രവേശനത്തിൽ ക്രമക്കേട്
text_fieldsന്യൂഡൽഹി: രാജ്യത്തെ വിവിധ എയിംസുകളിലേക്കുള്ള എം.ബി.ബി.എസ് സ്പോട്ട് അഡ്മിഷനിൽ ക്രമക്കേട് നടത്തുന്നതായി ആക്ഷേപം. നിലവിൽ പ്രവേശനം നേടാത്തവരെ സ്പോട്ട് അഡ്മിഷൻ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പകരം എയിംസ്, ജിപ്മെർ തുടങ്ങിയ കോളജുകളിൽ നിലവിൽ പ്രവേശനം നേടിയ 1190 പേർ ഉൾക്കൊള്ളുന്ന സ്പോട്ട് അഡ്മിഷൻ പട്ടിക തയാറാക്കിയാണ് ക്രമക്കേട്.
ഇതുപ്രകാരം സ്പോട്ട് അഡ്മിഷൻ സമയത്ത് വിദ്യാർഥികൾ ഹാജരായില്ലെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ പിൻവാതിൽ നിയമനത്തിനും സംവരണ അട്ടിമറിക്കും അവസരമൊരുക്കുകയാണെന്ന് രക്ഷിതാക്കൾ കുറ്റപ്പെടുത്തി. സ്േപാട്ട് അഡ്മിഷനിൽ സംവരണ സീറ്റുകളിൽ വിദ്യാർഥികൾ എത്തിയില്ലെങ്കിൽ ജനറൽ കാറ്റഗറിയിലേക്ക് മാറ്റുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. ഇതോടെ, വിദ്യാർഥികൾ ഹാജരായില്ലെന്ന കാരണം പറഞ്ഞ് 50ലേറെ സീറ്റുകൾ സംവരണ വിഭാഗങ്ങൾക്ക് നഷ്ടപ്പെടും.
ജിപ്െമറിലും ഇത്തരത്തിൽ പട്ടിക തയാറാക്കിയതോടെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതേത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ രക്ഷിതാക്കളുമായി ചർച്ച നടത്തി മറ്റു കോളജുകളിൽ പ്രവേശനം നേടാത്ത അസ്സൽ സർട്ടിഫിക്കറ്റുകളുള്ള വിദ്യാർഥികളുടെ പുതിയ പട്ടിക ഇറക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. പ്രവേശന നടപടി ജനുവരി 15ലേക്ക് മാറ്റിവെക്കുകയും ചെയ്തു. ഇതിനിടയിലാണ് എയിംസിലും സമാന തിരിമറിക്ക് അവസരം ഒരുക്കിയിരിക്കുന്നത്. ജനുവരി 12, 13 തീയതികളിലാണ് എയിംസിലെ സ്പോട്ട് അഡ്മിഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.