ട്രെയിൻ ദുരന്തം: പ്രധാനമന്ത്രിയോടും റെയിൽവേ മന്ത്രിയോടും ചോദ്യങ്ങളുണ്ട്; ഇപ്പോൾ അതിനുള്ള സമയമല്ല -ഖാർഗെ
text_fieldsന്യൂഡൽഹി: രാഷ്ട്രീയപാർട്ടി ഭേദമില്ലാതെ ഒഡീഷ ട്രെയിൻ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പരിക്കേറ്റവരെ സഹായിക്കാനും അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പിന്തുണയുമായും എല്ലാവരും വേണമെന്ന് ഖാർഗെ വ്യക്തമാക്കി.
രാഷ്ട്രീയഭേദമില്ലാതെ ട്രെയിൻ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പ്രധാനമന്ത്രിയോടും റെയിൽവേ മന്ത്രിയോടും ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ഇത്തരമൊരു സംഭവം എങ്ങനെ ഉണ്ടായെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും അവർ പറഞ്ഞേ മതിയാകും. എന്നാൽ, ഇന്ന് ഇതിനുള്ള സമയമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 261 പേർ മരിക്കാനിടയായ സംഭവത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സിഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എന്‍.സി.പി, സി.പി.എം, സി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
‘ഇത്തരത്തിൽ വൻ അപകടങ്ങൾ മുമ്പ് ഉണ്ടായിരുന്നപ്പോഴെല്ലാം റെയിൽവേ മന്ത്രിമാർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരും അത്തരം കാര്യങ്ങൾ സംസാരിക്കാൻ പോലും തയാറാകുന്നില്ല’ -എന്ന് എൻ.സി.പി നേതാവ് അജിത് പവാർ പറഞ്ഞു.
സിഗ്നൽ പ്രശ്നങ്ങൾ മൂലം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചെന്നത് അവിശ്വസനീയമായ തരത്തിൽ ഞെട്ടലുളവാക്കുന്നു. ഇത് ഉത്തരം ലഭിക്കേണ്ട ഗൗരവമായ ചോദ്യമുയർത്തുന്നുണ്ട്. മനഃസാക്ഷിയുണ്ടെങ്കിൽ മന്ത്രി രാജിവെക്കണം - തൃണമൂൽ വക്താവ് സാകേത് ഗോഖലെ പറഞ്ഞു.
സർക്കാർ ആഡംബര ട്രെയിനുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാധാരണക്കാർക്കുള്ള ട്രെയിനുകളും ട്രാക്കുകളും അവഗണിക്കപ്പെടുകയാണ്. അതിന്റെ ഫലമാണ് ഒഡിഷയിലെ മരണം. റെയിൽവേ മന്ത്രി രാജിവെക്കണം. - സി.പി.ഐ നേതാവ് ബിനോയ് വിശ്വം ആശ്യപ്പെട്ടു.
മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഓർക്കുന്നില്ലെന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവർ രാജിവെക്കണം. റെയിൽവേ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.