അതിർത്തിയിൽ തീയും പുകയും
text_fieldsന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ സംഘർഷത്തിെൻറ തീയും പുകയും കൂടുതൽ കനക്കുന്നു. പുതിയ നീക്കത്തിൽ, മിറാഷ് ജെറ്റ് പോർവിമാനങ്ങൾ പാകിസ്താൻ സിയാചിൻ മഞ്ഞുമേഖലയിൽ പറത്തി.
മറ്റൊരു വഴിക്ക് വിഡിയോ യുദ്ധവും നടക്കുന്നു. നൗഷേര മേഖലയിൽ പാക് കാവൽകേന്ദ്രങ്ങൾ മിസൈൽ പ്രയോഗത്തിൽ തകർക്കുന്നതിെൻറ വിഡിയോ ദൃശ്യം ഇന്ത്യ പുറത്തുവിട്ടതിനു പിന്നാലെ, അതിനു സമാനമായൊരു വിഡിയോ പാകിസ്താനും പുറത്തുവിട്ടു. ഇതേ മേഖലയിൽ ഇന്ത്യൻ സൈനിക കാവൽ കേന്ദ്രങ്ങൾ ആക്രമിച്ചു തകർക്കുന്നതാണ് ചിത്രത്തിലെന്ന് പാകിസ്താൻ സേന അവകാശപ്പെട്ടു.
ലോകത്തെതന്നെ ഏറ്റവും ഉയർന്ന യുദ്ധമേഖലയാണ് സിയാചിൻ. ഇന്ത്യ-പാക് അതിർത്തി നിയന്ത്രണ രേഖ അവസാനിക്കുന്നതും മഞ്ഞുമൂടിയ ഇൗ പർവതങ്ങളിലാണ്. പാകിസ്താെൻറ പോർവിമാനങ്ങൾ പറന്ന കാര്യം ഇന്ത്യ നിഷേധിക്കുന്നില്ല. എന്നാൽ, ഇന്ത്യൻ അതിർത്തി ലംഘിച്ചിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് നൗഷേര മേഖലയിലെ ആക്രമണത്തിെൻറ ചിത്രം ഇന്ത്യ പുറത്തുവിട്ടത്. മേയ് ഒമ്പതിനാണ് ഇൗ സംഭവമെന്ന് അധികൃതർ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, മേയ് 13നാണ് ആക്രമണം നടന്നതെന്നാണ് പാകിസ്താെൻറ വിഡിയോ പുറത്തുവിട്ട മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞത്. നിരപരാധികളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണ് നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയുടെ വാദങ്ങൾ പൊള്ളയാണെന്നും പാക് സേന വാദിക്കുന്നു.
ഇന്ത്യൻ വിഡിയോവിലെപോലെ പാക് വിഡിയോയിലും പഴയ കുറെ കെട്ടിടങ്ങൾക്കുമേൽ ആക്രമണം നടക്കുന്നതിെൻറ ദൃശ്യങ്ങളാണുള്ളത്. ആളപായമുള്ളതായി ആരും പറയുന്നില്ല. എന്നാണ് സംഭവം നടന്നതെന്നും വ്യക്തമല്ല. ഇന്ത്യൻ വിഡിയോ 22 സെക്കൻഡാണെങ്കിൽ പാകിസ്താേൻറത് 87 സെക്കൻഡാണ്.
അതിർത്തിയിലെ മുന്നണി സൈനിക കേന്ദ്രങ്ങൾ പൂർണമായും പ്രവർത്തന സജ്ജമാക്കിയതായി പാക് സേന വെളിപ്പെടുത്തുന്നുണ്ട്. ശത്രുവിെൻറ ‘അതിസാഹസികത’ക്കും കടന്നുകയറ്റത്തിനും ഭാവി തലമുറകൂടി ഒാർക്കുന്നവിധം തക്ക മറുപടി നൽകുമെന്ന് പാക് വ്യോമസേന മേധാവി പറഞ്ഞു. ‘ശത്രു’വിെൻറ പ്രസ്താവനകൾ പാകിസ്താനെ ഉത്കണ്ഠപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിവിെൻറ പ്രകടനമെന്നോണം പോർവിമാനങ്ങൾ സിയാച്ചിനിലൂടെ പറത്തിയതിനൊപ്പം, പാക് വ്യോമസേന മേധാവി പൈലറ്റുമാരെയും ടെക്നിക്കൽ സ്റ്റാഫിനെയും റേഡിയോ പാകിസ്താനിലൂടെ അഭിസംബോധന ചെയ്തു. ഒരുങ്ങിയിരിക്കാൻ ഇന്ത്യൻ വ്യോമസേന മേധാവി കഴിഞ്ഞ ദിവസം സേനാംഗങ്ങളോട് പറഞ്ഞതിെൻറ തുടർച്ചയാണിത്. അതിർത്തി സാഹചര്യങ്ങൾ മുൻനിർത്തി ഇന്ത്യൻ സേനാവിഭാഗങ്ങളിൽ അവധി വെട്ടിച്ചുരുക്കുന്നതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.