"അഹമ്മദാബാദ് രാജ്യത്തിന്റെ പുതിയ ക്രിക്കറ്റ് തലസ്ഥാനമോ..?"; കാര്യവട്ടത്തെ തഴഞ്ഞതിൽ പ്രതിഷേധവുമായി ശശി തരൂർ
text_fieldsതിരുവനന്തപുരം: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളിൽ കേരളം വേദിയാകാത്തതിൽ പ്രതിഷേധവുമായി ശശി തരൂർ എം.പി രംഗത്ത്. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയം എന്ന് പലരും വാഴ്ത്തുന്ന തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ലോകകപ്പ് ഫിക്സ്ചറിൽ കാണാത്തതിൽ കടുത്ത നിരാശയുണ്ടെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ഉദ്ഘാടനവും ഫൈനലുമുൾപ്പെടെ നിരവധി പ്രധാന മത്സരങ്ങൾക്ക് വേദിയായി അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തെ തെരഞ്ഞെടുത്തതിനെ അദ്ദേഹം പരിഹസിച്ചു. 'അഹമ്മദാബാദ് രാജ്യത്തിന്റെ പുതിയ ക്രിക്കറ്റ് തലസ്ഥാനമായി മാറുകയാണിപ്പോൾ, എന്നാൽ ഒന്നോ രണ്ടോ മത്സരമെങ്കിലും കേരളത്തിന് അനുവദിച്ചുകൂടായിരുന്നോ.' ശശി തരൂർ ചോദിച്ചു.
തിരുവനന്തപുരം ഏറെകുറേ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച ഫിക്സ്ചർ പുറത്തിറക്കിയപ്പോൾ സന്നാഹമത്സരത്തിന്റെ വേദി മാത്രമായാണ് ഇടംപിടിച്ചത്.
ഡൽഹി, ധരംശാല, ലഖ്നോ, അഹമ്മദാബാദ്, കൊൽക്കത്ത, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലായായണ് മത്സരങ്ങൾ നടക്കുന്നത്. തിരുവനന്തപുരത്തിന് പുറമെ ഗുവാഹതിയും സന്നാഹ മത്സര വേദിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.