മാംസം കഴിക്കുന്നത് ഒരു പ്രശ്നമാണോ, ബി.ജെ.പിക്ക് വേറെ പണിയൊന്നുമില്ലേ?; രൂക്ഷ വിമർശനവുമായി സിദ്ധരാമയ്യ
text_fieldsബംഗളൂരു: ക്ഷേത്രത്തിൽ പോകുന്നതിന് മുമ്പ് താൻ മാംസാഹാരം കഴിച്ചിട്ടില്ലെന്നും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. അടുത്തിടെ കുടകിൽ നടത്തിയ സന്ദർശനത്തിനിടെ കൊഡ്‌ലിപേട്ടിലെ ബസവേശ്വര ക്ഷേത്രത്തിൽ മാംസാഹാരം കഴിച്ച് പ്രവേശിച്ചെന്ന ബി.ജെ.പി ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"മാംസം കഴിക്കുന്നത് ഒരു പ്രശ്നമാണോ? ഞാൻ വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കാറുണ്ട്, അത് എന്റെ ശീലമാണ്. ചിലർ മാംസം കഴിക്കുന്നില്ല, അത് അവരുടെ ശീലമാണ്. ബി.ജെ.പിക്ക് വേറെ പണിയൊന്നുമില്ല. രാജ്യത്ത് നടക്കുന്ന പ്രധാന വിഷയങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ വിവാദങ്ങൾ ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലർ മാംസം കഴിച്ചും ചിലർ കഴിക്കാതെയും പോകുന്നു. ഇതൊരു വലിയ പ്രശ്നമല്ല. പലയിടത്തും ദൈവങ്ങൾക്ക് മാംസം നിവേദിക്കുന്നു. സത്യം പറഞ്ഞാൽ ഞാൻ അന്ന് മാംസം കഴിച്ചിരുന്നില്ല. കോഴിക്കറി ഉണ്ടായിരുന്നെങ്കിലും മുളങ്കരിയും അക്കി റൊട്ടിയും മാത്രമേ ഞാൻ കഴിച്ചിട്ടുള്ളൂ," അദ്ദേഹം കൂട്ടിച്ചേർത്തു.
താനൊരു നോൺ വെജിറ്റേറിയനാണെന്നും അത് തന്റെ ഭക്ഷണശീലമാണെന്നും ക്ഷേത്രദർശനത്തിന് മുമ്പ് ദൈവം എന്താണ് കഴിക്കേണ്ടതെന്നും എന്ത് കഴിക്കരുതെന്നും പറഞ്ഞിട്ടുണ്ടോയെന്നും ഞായറാഴ്ച ചോദിച്ചിരുന്നു. നേരത്തെ, മുതിർന്ന എം.എൽ.എ ബസൻഗൗഡ പാട്ടീൽ യത്നാൽ സിദ്ധരാമയ്യയെ വെല്ലുവിളിക്കുകയും നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, പന്നിയിറച്ചി കഴിക്കുകയും പള്ളി സന്ദർശിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ''ഞാൻ കോഴിയും ആട്ടിറച്ചിയും മാത്രമേ കഴിക്കൂ, മറ്റ് മാംസമൊന്നുമില്ല. എന്നാൽ, മറ്റു മാംസം കഴിക്കുന്നവരെ എതിർക്കുന്നില്ല, കാരണം അത് അവരുടെ ഭക്ഷണശീലമാണ്'' എന്നായിരുന്നു എം.എൽ.എക്കുള്ള സിദ്ധരാമയ്യയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.