'ബലാത്സംഗ കേസിലെ പ്രതികളെ ആദരിക്കുന്നതാണോ ഹിന്ദു സംസ്കാരം'?; ബിൽക്കീസ് ബാനു കേസിൽ കേന്ദ്രത്തെ വിമർശിച്ച് ശിവസേന
text_fieldsമുംബൈ: ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ മോചിപ്പിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മൗനത്തെ ചോദ്യം ചെയ്ത് ശിവസേന മുഖപത്രം സാമ്‌ന. സാമ്‌നയിലെ റോഖ്‌തോക്ക് കോളത്തിലാണ് പരാമർശം.
ബലാത്സംഗ കേസിലെ പ്രതികളെ ആദരിക്കുന്നതാണോ ഹിന്ദു സംസ്കാരമെന്ന് സാമ്‌ന ചോദിച്ചു. ബിൽക്കീസ് ബാനു മുസ്ലീം ആണെന്നതിന്‍റെ പേരിൽ അവർക്കെതിരെ നടന്ന കുറ്റകൃത്യം പൊറുക്കാനാകുന്നതല്ലെന്ന് സാമ്ന വിമർശിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതൊന്നും നടപ്പാക്കുന്നത് മറ്റൊന്നുമാണെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ നേരത്തെ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോപണം ശരിവെക്കുന്നതാണ് ബിൽക്കീസ് ബാനു കേസിലെ പ്രധാനമന്ത്രിയുടെ സമീപനമെന്നും സാമ്ന കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യദിനത്തിൽ സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ തന്നെയാണ് ബലാത്സംഗ കേസിലെ പ്രതികളെ വെറുതെവിട്ടതെന്ന കാര്യം യഥാർത്തത്തിൽ ആശ്ചര്യപ്പെടുത്തുന്നതാണ്. എന്തു കൊണ്ടാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിഷയത്തിൽ മൗനം പാലിക്കുന്നത്? ഇത് ഹിന്ദു-മുസ്ലീം പ്രശ്നം മാത്രമല്ലെന്നും ഹിന്ദുത്വത്തിന്റെ ആത്മാവിന്റെയും നമ്മുടെ സംസ്കാരത്തിന്‍റെയും അന്തസ്സിന്‍റെയും പ്രശ്നമാണെന്നും മുഖപത്രം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കുമ്പോൾ ബിൽക്കീസ് ബാനുവിനെ കാണണമെന്നും സാമ്ന പറഞ്ഞു.
2002ൽ ഗോധ്ര ട്രെയിൻ കത്തിച്ചതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോൾ ബിൽക്കീസ് ബാനു അഞ്ച് മാസം ഗർഭിണിയായിരുന്നു. ബിൽക്കീസ് ബാനുവിന്‍റെ കുടുംബത്തിലെ ഏഴ് പേരെയും കലാപകാരികൾ കൊലപ്പെടുത്തി.
കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരെ സർക്കാർ ഇളവ് പ്രകാരം മോചിപ്പിക്കാൻ അനുവദിച്ചതിനെ തുടർന്ന് ആഗസ്റ്റ് 15നാണ് പ്രതികൾ ജയിൽ മോചിതരായത്. പുറത്തിറങ്ങിയ പ്രതികൾക്ക് ബി.ജെ.പി പ്രവർത്തകർ നൽകിയ സ്വീകരണം പിന്നീട് വിവാദമായിരുന്നു. പ്രതികളെ വെറുതെവിട്ടതിനെതിരെ രാജ്യത്തുടനീളം നിരവധി സംഘടനകളാണ് പ്രതിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.