'ഇന്ത്യക്കാർ ഹിന്ദി സംസാരിക്കണം; അമിത് ഷായെ തിരിഞ്ഞുകൊത്തി കണക്കുകൾ
text_fieldsഇന്ത്യക്കാരായ രണ്ട് സംസ്ഥാനങ്ങളിൽനിന്നുള്ളവർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷാ പറഞ്ഞിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഏറ്റവും രൂക്ഷമായ പ്രതികരണമുണ്ടായത് തമിഴ്നാട്ടിൽ നിന്നായിരുന്നു. അവർ ഒറ്റക്കെട്ടായി അമിത് ഷാക്കെതിരെ രംഗത്തുവന്നു. ബി.ജെ.പി തമിഴ്നാട് ഘടകം പോലും ഷായുടെ പ്രസ്താവന തള്ളിക്കളഞ്ഞു. 'ഹിന്ദി തെരിയാത്, പോടാ' എന്ന വാക്യം തമിഴ് മക്കൾ തെരുവിൽ ഉയർത്തി. ഇന്ത്യയിലെ ഹിന്ദി സംസാരിക്കുന്നവരെ കുറിച്ചുള്ള വിശദമായ പഠനം പുറത്തുവിട്ടിരിക്കുകയാണ് 'ദി ഹിന്ദു' ദിനപത്രം. ഇന്ത്യയിൽ ആശയവിനിമയത്തിന് ഹിന്ദിയേക്കാള്‍ ഏറെ പേര്‍ ഇംഗ്ലീഷാണ് ഉപയോഗിക്കുന്നതെന്ന് കുടിയേറ്റത്തിന്റേയും വികസന സൂചികകളുടേയും ഡാറ്റകള്‍ പഠനവിധേയമാക്കുമ്പോള്‍ വ്യക്തമാവുന്നതായി 'ദി ഹിന്ദു' റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥ ഹിന്ദിയെ മാതൃഭാഷയായി ഉപയോഗിക്കുന്നത് ഇന്ത്യയിൽ കേവലം 26 ശതമാനം ആളുകൾ മാത്രമാണെന്നും 'ഹിന്ദു' റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായ 35 ഇടങ്ങള്‍ പരിഗണിക്കുമ്പോള്‍ 12 ഇടങ്ങളില്‍ മാത്രമാണ് ഹിന്ദി മാതൃഭാഷയായിട്ടുള്ളത്. ഭോജ്പുരി, രാജസ്ഥാനി, ഹിന്ദി, ഛത്തീസ്ഗഢി എന്നിവയുള്‍പ്പെടെ 56 ഭാഷകള്‍-മാതൃഭാഷകള്‍ ഉള്‍ക്കൊള്ളുന്ന 'ഹിന്ദി' ഉപയോഗിക്കുന്നവര്‍ 43 ശതമാനം വരുമെങ്കിലും വെറും 26 ശതമാനം പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഹിന്ദിയെ മാതൃഭാഷയായി ഉപയോഗിക്കുന്നതെന്ന് ലേഖനം പറയുന്നു.
സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സിന്റെ താരതമ്യം പഠനം കാണിക്കുന്നത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കൂടുതലുള്ള പ്രദേശങ്ങളിലും ഉയര്‍ന്ന എച്ച്.ഡി.ഐ സ്‌കോറുകള്‍ ഉണ്ടെന്നാണ്. ഹിന്ദി സംസാരിക്കുന്നവര്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ എച്ച്.ഡി.ഐ സ്‌കോറുകള്‍ താരതമ്യേന കുറവാണ്. അതായത് ഇംഗ്ലീഷ് ഭാഷയും ഉയര്‍ന്ന ജീവിത നിലവാരവും തമ്മില്‍ ബന്ധമുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു. കുടിയേറ്റവുമായ ബന്ധപ്പെട്ട രേഖകളും ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ മെച്ചപ്പെട്ട ഉപജീവനമാര്‍ഗം തേടി ഹിന്ദി ഇതര പ്രദേശങ്ങളിലേക്ക് കുടിയേറുകയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പ്രധാനമായും കുടിയേങ്ങള്‍ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരേക്കാള്‍ കൂടുതലാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ കുടിയേറ്റങ്ങള്‍ കുറവാണ്.
കുടിയേറ്റം താരതമ്യേന കുറവുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ് പഠനപ്രകാരം കാണുന്നത്. കുടിയേറ്റം കൂടുതലുള്ള സംസ്ഥാനങ്ങളിൽ നേരെ തിരിച്ചാണെന്നും പഠനം വ്യക്തമാക്കുന്നു.
2011ലെ സെന്‍സസ് ഡാറ്റ പ്രകാരം ജനസംഖ്യയുടെ 50 ശതമാനം എങ്കിലും ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളില്‍ ജോലിക്കായും പഠനത്തിനായുമെല്ലാം എത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ്. പഠന റിപ്പോർട്ടുകളെയെല്ലാം മുൻനിർത്തി ഇംഗ്ലീഷിന് പകരം ഹിന്ദി സംസാരിക്കണമെന്ന അമിത് ഷായുടെ ആഹ്വാനം ഒരു കാലത്തും പ്രാവർത്തികമാക്കാൻ കഴിയില്ല എന്ന് സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.