രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചോ? വിദഗ്ധർക്ക് പറയാനുള്ളത് ഇതാണ്
text_fieldsന്യൂഡൽഹി: കഴിഞ്ഞ 15 ദിവസമായി ഇന്ത്യയിൽ ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം ഈ സാഹചര്യത്തിൽ ലോക്ഡൗണായ രാജ്യങ്ങളും പ്രദേശങ്ങളും തുറക്കാമെന്നാണ്.
91 ദിവസത്തെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകളാണ് രാജ്യത്ത് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. 42,640 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 3.21 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിൽ രാജ്യത്തെ രണ്ടാം കോവിഡ് തരംഗം അവസാനിച്ചുവെന്ന തരത്തിലായിരിക്കും നമ്മുടെ ചിന്ത. എന്നാൽ ആശ്വസിക്കാൻ വകയുണ്ടെങ്കിലും പുതിയ വൈറസ് വകഭേദങ്ങൾ, പോസിറ്റിവിറ്റി നിരക്ക് അഞ്ചിന് മുകളിലുള്ള ജില്ലകൾ, ഡേറ്റയുടെ ആധികാരികത എന്നിവ പരിഗണിക്കുേമ്പാൾ ഇന്ത്യയിൽ രണ്ടാം തരംഗം അവസാനിച്ചുവെന്ന് പറയാനാകില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
വളരെ വേഗത്തിൽ രോഗം പരത്തത്തുന്ന ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതിനാൽ തന്നെ രണ്ടാം തരംഗത്തിെൻറ അവസാനം അടുത്ത് തന്നെ ഉണ്ടാകില്ലെന്ന് ഡൽഹിയിലെ ശിവ് നാടാർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസറായ നാഗാ സുരേഷ് വീരാപ്പു പറഞ്ഞു. 'രാജ്യമോ പ്രദേശങ്ങളോ തുറക്കാൻ 14 ദിവസം അഞ്ചോ അതിൽ അതിൽ താഴെയോ ആയിരിക്കണം ടി.പി.ആർ എന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. ഫെബ്രുവരിയിൽ രാജ്യം ആദ്യ തരംഗം അവസാനിച്ചത് ആഘോഷിച്ചു. എന്നാൽ രണ്ടാം തരംഗം ഉണ്ടാകുമെന്ന കാര്യം വിസ്മരിച്ചു' -വീരാപ്പു പറഞ്ഞു.
മാർച്ചിൽ ഡെൽറ്റ വകഭേദം പടർന്നതോടെയാണ് രാജ്യത്ത് കോവിഡ് ബാധ പിടിവിട്ടത്. രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെൽറ്റ അല്ലെങ്കിൽ B.1.617.2 വകഭേദത്തിൽ നിന്നാണ് ഡെൽറ്റ പ്ലസ് വകഭേദം രൂപാന്തരം ചെയ്തത്.
കേരളത്തെ പോലെ ചിലയിടങ്ങളിൽ ടി.പി.ആർ ഇപ്പോഴും അഞ്ചിന് മുകളിൽ നിൽക്കുന്നതിനാൽ എല്ലാ സ്ഥലങ്ങളിലും കണക്ക് അഞ്ചിൽ താഴെയാകുന്ന സമയം വരെ കാത്തിരിക്കാതെ രണ്ടാം തരംഗം അവസാനിച്ചുവെന്ന് പറയാനാകില്ലെന്ന് പബ്ലിക് പോളിസ് വിദഗ്ധനായ ചന്ദ്രകാന്ത് ലഹാരിയ അഭിപ്രായപ്പെട്ടു.
കേരളത്തിലെ കണക്കുകൾ ചുണ്ടിക്കാട്ടി ശാസ്ത്രജ്ഞനായ ഗൗതം മേനോൻ ലഹാരിയയുടെ അഭിപ്രായത്തോട് യോജിച്ചു. സംസ്ഥാനത്ത് കുടുതൽ പരിശോധനകൾ നടത്തുന്നതിനാലാണോ അതോ സാഹചര്യം ഇനിയും നിയന്ത്രണത്തിന് കീഴിൽ ആകാത്തത് കൊണ്ടാണോ ഇതെന്ന് വ്യക്തമല്ലെന്നാണ് മേനോൻ പറയുന്നത്. 10.84 ആണ് ഞായാറാഴ്ച കേരളത്തിലെ ടി.പി.ആർ.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ പ്രകാരം രാജ്യത്ത് 2.99 കോടിയാളുകൾക്കാണ് കോവിഡ് ബാധിച്ചത്. 7,02,887 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 79 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 1,167 േപരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ ശരിക്കും നിശ്ചലമാക്കിയ രണ്ടാം തരംഗം പിടിമുറുക്കിയ ഘട്ടത്തിൽ ആശുപത്രി ബെഡുകളില്ലാതെയും ഓക്സിജൻ ലഭിക്കാതെയും ആയിരങ്ങൾ പിടഞ്ഞുവീണിരുന്നു. മരുന്നു ക്ഷാമവും വിവിധ സംസ്ഥാനങ്ങളെ തളർത്തി. പതിനായിരങ്ങളാണ് ആഴ്ചകൾക്കുള്ളിൽ മരണം പുൽകിയത്. സമൂഹ മാധ്യമങ്ങൾ വഴി സഹായ സന്ദേശങ്ങൾ പറന്നുനടന്നതോടെ ലോകത്തുടനീളം വിവിധ രാജ്യങ്ങൾ സഹായവുമായി എത്തി. രണ്ടാം തരംഗം അപകടകരമായ ഘട്ടം പിന്നിട്ടതോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ അയവു ചെയ്തിരുന്നു.
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ഒഴിച്ചുകൂടാനാവാത്തതാണെന്നും ആറു മുതൽ എട്ടാഴ്ച വരെ സമയത്തിനുള്ളിൽ അത് സംഭവിക്കുമെന്നും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ. രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.