ആഡംബരകപ്പലിലെ റെയ്ഡും ആര്യൻ ഖാന്‍റെ അറസ്റ്റും; ലക്ഷ്യം വെക്കുന്നത് മമത ബാനർജിയെയോ?
text_fieldsമുംബൈ: പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയമായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്‍റെയും. അതേസമയം ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. എന്നാൽ മമതയുടെ വിജയം ഉയർത്തിക്കാട്ടാതിരിക്കാൻ രാഷ്ട്രീയപ്രേരിതമാണ് ആഡംബര കപ്പലിലെ പരിശോധനയും ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാന്‍റെ അറസ്റ്റുമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
എസ്.ആർ.കെയിലൂടെ മമത ബാനർജിയെയാണ് ലക്ഷ്യം വെക്കുന്നതെന്നും അവർ ആരോപിച്ചു. പശ്ചിമ ബംഗാൾ ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ്.
ഞായറാഴ്ചയാണ് മുംബൈ തീരത്തെ ആഡംബര കപ്പലിൽ നടന്ന പരിശോധനയിൽ ആര്യൻ ഖാനും സുഹൃത്തുക്കളും അറസ്റ്റിലാകുന്നത്. ആര്യനെയും രണ്ടു സുഹൃത്തുക്കളെയും മുംബൈ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം.
അതേസമയം, മുംബൈ ആഡംബര കപ്പലിലെ റെയ്ഡുമായി ബന്ധപ്പെട്ട എൻ.സി.ബിയുടെ ആവേശം അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോ കൊക്കൊയ്ൻ പിടിച്ചെടുത്തപ്പോൾ കാണിച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിച്ചു. 3000 കിലോയുടെ 20,000 കോടി രൂപ വില വരുന്ന ഹെറോയ്ൻ ആണ് ഗുജറാത്തിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് പിടിച്ചെടുത്തത്. രണ്ടു കണ്ടെയ്നറുകളിലായായിരുന്നു മയക്കുമരുന്ന് കടത്ത്.
'കപ്പലിലെ ആരോപണ വിധേയമായ മയക്കുമരുന്ന് പാർട്ടിയിൽ നിസാര അളവിൽ മയക്കുമരുന്ന് പിടിച്ചെടുത്തു. എങ്കിലും എൻ.സി.ബിയുടെ സിനിമ സ്റ്റെൽ പ്രവർത്തനങ്ങൾക്ക് മതിയായ പ്രശസ്തിയും മാധ്യമശ്രദ്ധയും ലഭിച്ചു. എന്നാൽ, 20,000 കോടി രൂപയുടെ മയക്കുമരുന്ന് ഇന്ത്യയിലേക്ക് എത്തിയപ്പോൾ ഇവർ ഉറങ്ങുകയായിരുന്നു. കുറച്ച് ലഭിച്ചപ്പോൾ വളരെ നാടകീയ സംഭവങ്ങളും. ഈ അന്വേഷണ ഏജൻസി സ്വതന്ത്രവും കാര്യഗൗരവമുള്ളതുമാണെങ്കിൽ ഗുജറാത്ത് തുറമുഖത്ത് മയക്കുമരുന്ന് എത്തിച്ച പ്രതികളെ പിടികൂടണം. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖമായതിനാൽ അവർ പിന്നോട്ടുവലിയുന്നു' -കോൺഗ്രസ് വക്താവ് സചിൻ റാവത്ത് പറഞ്ഞു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന വ്യക്തിയാണ് മമത ബാനർജി. 'ബി.ജെ.പിക്ക് മമത ബാനർജിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതിനാൽ അവരോട് അടുത്തുനിൽക്കുന്ന ആളുകളെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ലക്ഷ്യം വെക്കുന്നു. പശ്ചിമ ബംഗാളിന്‍റെ ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ് ഖാൻ. ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിലൂടെ മമത ബാനർജിയെയും പശ്ചിമബംഗാളിനെയും അവർ പരോക്ഷമായി ആക്രമിക്കുന്നു. ഏതു നിലയിൽനിന്നും രാഷ്ട്രീയം കളിക്കാൻ ബി.ജെ.പിക്ക് മടിയില്ല' -അടുത്ത വൃത്തങ്ങൾ പറയുന്നു.
യു.പി.എ ഒന്നും രണ്ടു സർക്കാറുകളോടും കോൺഗ്രസ് നേതാക്കളോടും അടുത്തബന്ധം പുലർത്തുന്ന വ്യക്തിയാണ് ഷാരൂഖ്. 2014ൽ ബി.ജെ.പി അധികാരത്തിൽ എത്തിയതുമുതൽ, ഷാരൂഖ് യാതൊരു രാഷ്ട്രീയ പ്രതികരങ്ങളോ രാഷ്ട്രീയചായ്വോ പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ ഐ.പി.എൽ ക്രിക്കറ്റ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേർസിന്‍റെ ഉടമയായതിനാൽ മുഖ്യമന്ത്രി മമത ബാനർജിയുമായി ഷാരൂഖ് അടുപ്പം പുലർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.