'രിഹാന മുസ്ലിമാണോ?' കർഷക പ്രക്ഷോഭത്തെ അനുകൂലിച്ച പോപ് ഗായികയുടെ മതം തിരഞ്ഞ് ഇന്ത്യക്കാർ
text_fields
ന്യൂഡൽഹി: കേന്ദ്രം നിയമമാക്കിയ കർഷക നിയമങ്ങൾക്കെതിരെ തെരുവിലിറങ്ങിയ കർഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത പോപ് ഗായിക രിഹാനയുടെ മതമേതെന്ന് ഗൂഗ്ളിൽ തിരഞ്ഞ് ഇന്ത്യക്കാർ. ഇന്ത്യയിൽ കർഷക പ്രക്ഷോഭത്തെ തുടർന്ന് ഡൽഹിയിലും പരിസരങ്ങളിലും റോഡുകൾക്ക് പുറെമ ഇന്‍റർനെറ്റും വിലക്കിയ കേന്ദ്ര നടപടിക്കെതിരെയാണ് ചൊവ്വാഴ്ച രിഹാന സമൂഹ മാധ്യമങ്ങളിലെത്തിയത്.
കർഷക സമരം ഹാഷ്ടാഗാക്കി ''നാം എന്തുകൊണ്ടാണ് ഇതേ കുറിച്ച് മിണ്ടാത്തത്?'' എന്നായിരുന്നു രിഹാനയുടെ പ്രതികരണം. 'ഡോണ്ട് സ്റ്റോപ് ദി മ്യൂസിക്' ഉൾപെടെ നിരവധി ആൽബങ്ങളിലൂടെ ലോകത്തെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായ രിഹാനയെ ട്വിറ്ററിൽ 10 കോടി പേർ പിന്തുടരുന്നുണ്ട്.
ട്വീറ്റ് വന്നതോടെ ഇന്ത്യക്കാരിലേറെയും തിരഞ്ഞത് അവരുടെ മതമായിരുന്നുവെന്നത് കൗതുകം. ലോകം മുഴുക്കെ ട്വിറ്ററാറ്റി അവരെ പിന്തുണച്ചപ്പോൾ ഒപ്പം നിന്നവരും അതിലേറെ പരിഹസിക്കുന്നവരുമായി ഇന്ത്യയിൽ രണ്ടു പക്ഷവും സജീവമായി. പതിനായിരങ്ങൾ അണിനിരന്ന പ്രക്ഷോഭത്തെ പുറംലോകത്തും അതുവഴി രാജ്യാന്തര മാധ്യമ ശ്രദ്ധയിലും എത്തിക്കുമെന്നായിരുന്നു ചിലർക്ക് പങ്കുവെക്കാനുണ്ടായിരുന്നത്. എന്നാൽ, 'രിഹാന മുസ്ലിമാണോ' എന്ന ചോദ്യവും ഗൂഗ്ളിൽ സജീവമായി. 'രിഹാനയുടെ മതം' എന്നതും കൂടുതൽ പേർ തിരഞ്ഞ ഒന്നായി.
പോപ് ഗായികയും നിരവധി ഗ്രാമി പുരസ്കാര ജേതാവുമായ രിഹാനയുടെ വാക്കുകളോടെ രാജ്യാന്തര തലത്തിൽ ഒറ്റദിനം കൊണ്ട് കർഷക സമരത്തിന് കൂടുതൽ ജനശ്രദ്ധ നേടാനായിട്ടുണ്ട്. ട്വിറ്ററിൽ രാജ്യത്ത് മാത്രമല്ല, ലോകത്തുടനീളം ഇൗ ട്വീറ്റ് ട്രെൻഡിങ്ങാണ്.
അതിനിടെ, രിഹാനക്കെതിരെ രംഗത്തുവന്ന ബോളിവുഡ് നടി കങ്കണ രണൗട്ട് കർഷകർ തീവ്രാവാദികളാണെന്നും അതിനാലാണ് ലോകം അവർക്ക് ചെവി കൊടുക്കാത്തതെന്നും പ്രതികരിച്ചത് വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.