വീണ്ടുമൊരു ഓഹരി കുംഭകോണം; സുചേത ദലാലിന്‍റെ പുതിയ ട്വീറ്റ് ലക്ഷ്യം വെക്കുന്നത് ആരെ?
text_fieldsമുംബൈ: ഇന്ത്യൻ സാമ്പത്തിക വിദഗ്ധരെ ആശയക്കുഴപ്പത്തിലാക്കി സാമ്പത്തികകാര്യ മാധ്യമപ്രവർത്തക സുചേത ദലാൽ ഒരു ട്വീറ്റ് ചെയ്തിരുന്നു. ഓഹരിവിപണി പുതിയൊരു തട്ടിപ്പിന് വേദിയാകുന്നുവെന്നായിരുന്നു സുചേതയുടെ ട്വീറ്റ്. ഒരു കോർപറേറ്റ് സ്ഥാപനത്തിന്റെ പേരോ മറ്റു സൂചനകളോ നൽകാതെയായിരുന്നു സുചേതയുടെ ട്വീറ്റ്. എന്നാൽ, ട്വീറ്റിന് പിന്നാലെ സംശയമുന നീണ്ടത് ഗൗതം അദാനിയിലേക്കാണ്.
ഒരു വർഷത്തിനിടെ ഏഷ്യയിലെ രണ്ടാമത്തെ ധനികനായി ഗൗതം അദാനി മാറിയിരുന്നു. ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ഓഹരി വില ഇരട്ടിയിലധികം കുതിച്ചുയർന്നതാണ് അതിനു പിന്നാലെ പ്രധാന കാരണവും. ഈ വർഷം സമ്പത്തിൽ മൂന്നുലക്ഷം കോടി രൂപയുടെ വർധനയുമുണ്ടായി. ഇതോടെയാണ് സുചേതയുെട ട്വീറ്റിന്‍റെ മുന ഗൗതം അദാനിയിലേക്ക് നീണ്ടത്.
'ഓഹരി വിപണി മറ്റൊരു കുംഭേകാണത്തിന് സാക്ഷിയാകുന്നു. ഓഹരി വിപണിയിലെ കൃത്രിമത്വം തെളിയിക്കാൻ പ്രയാസമാണെങ്കിലും സെബി ഈ ഓഹരികൾ ട്രാക്ക് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഒരു ഗ്രൂപ്പിന്‍റെ മാത്രം ഓഹരി വില കൃത്രിമമായി ഉയർത്തുന്ന ഒാപ്പറേറ്റർമാർ പ്രവർത്തിക്കുന്നു. അതും വിദേശ സ്ഥാപനങ്ങളിലൂടെ. അതിന്‍റെ പ്രത്യേകതയെന്തെന്നാൽ 'ഒന്നും മാറുന്നില്ല' എന്നതുതന്നെയാണ്' എന്നായിരുന്നു സുചേതയുടെ ട്വീറ്റ്.
ഏതെങ്കിലും ഗ്രൂപ്പിന്‍റെ പേരോ മറ്റു വിവരങ്ങളോ നൽകാതെയായിരുന്നു സുചേതയുടെ ട്വീറ്റ്. എന്നാൽ, ഒരു പ്രത്യേക സ്ഥാപനത്തിന്റെ ഓഹരിവിലയിലെ കൃത്രിമത്വത്തെക്കുറിച്ച് അവർ നിക്ഷേപകർക്ക് സൂചന നൽകുകയും ചെയ്തു. പഴയ ഓപറേറ്റർ കാരണം ഓഹരികളുടെ വില ഉയരുന്നു. ഒാഹരി ദല്ലാളായിരുന്ന കേതൻ പരേഖിനെപ്പോലെ ഒരാൾ ഇപ്പോഴും സജീവമാണ്. അതിലൂടെ അദ്ദേഹത്തിന് താൽപര്യമുള്ള ഓഹരികളുടെ മൂല്യം ഉയർത്തുകയും ചെയ്യുന്നു. എന്നിട്ടും ഇതിൽ കൃത്രിമത്വം ഉണ്ടോ ഇല്ലേയാ എന്നു തെളിയിക്കാൻ ആർക്കും കഴിയുന്നില്ലെന്നുമാണ് സുചേതയുടെ ട്വീറ്റിന്‍റെ സാരാംശം.
സുചേതയുടെ ട്വീറ്റ് അദാനിയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാക്കി നിരവധി വിദഗ്ധർ രംഗത്തെത്തിയിരുന്നു. അതിനുകാരണം അദാനി ഗ്രൂപ്പിന്‍റെ കഴിഞ്ഞ വർഷത്തെ വളർച്ചയും. അദാനിയുടെ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് സുചേത നൽകിയതെന്നാണ് ചിലരുടെ വാദം. എന്നാൽ, ആരോപണം തെളിയിക്കാൻ തക്ക തെളിവുകളില്ലാത്തതിനാൽ കുംഭകോണം തെളിയിക്കാൻ കഴിയാതെ വരികയും ചെയ്യും.
ഓഹരിവിപണിയിലെ ഹർഷത്ത് മേത്ത കുംഭകോണം ഉൾപ്പെടെ പൊതു സമൂഹത്തിലെത്തിച്ചത് സുചേത ദലാൽ ആയതുകൊണ്ടുതന്നെ നിക്ഷേപകരെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട് ഈ ട്വീറ്റ്.
അദാനി ഗ്രൂപ്പ് കമ്പനികളിൽ 43,500 കോടി രൂപയുടെ ഓഹരികളുള്ള മൂന്ന് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകൾ എൻ.എസ്.ഡി.എൽ മരവിപ്പിച്ചിരുന്നു. അൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എ.പി.എം.എസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നിവയാണ് മരവിപ്പിച്ചവ. ഇതോടെ ഇവരുടെ കൈവശമുള്ള പഴയ ഓഹരികൾ വിൽക്കാനോ, പുതിയ ഓഹരികൾ ഇവർക്ക് വാങ്ങാനോ സാധിക്കില്ല. മൂന്നു ഫണ്ടുകളുടെയും പ്രവർത്തനം മൗറീഷ്യസിലാണ്. വിദേശ നിക്ഷേപകരായി സെബിയിൽ രജിസ്റ്റർ ചെയ്തവയാണ് മൂന്നുമെന്നും അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. അദാനി എന്‍റർപ്രൈസസിൽ 6.82 ശതമാനം അദാനി ട്രാൻസ്മിഷനിൽ 8.03 ശതമാനം, അദാനി ടോട്ടൽ ഗ്യാസിൽ 5.92 ശതമാനം, അദാനി ഗ്രീനിൽ 3.58 ശതമാനം ഒാഹരികളാണ് ഇവ മൂന്നും കൈവശം വെച്ചിരിക്കുന്നത്.
സുചേതയുടെ ട്വീറ്റിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് വലിയ ഇടിവ് രേഖപ്പെടുത്തി. നിക്ഷേപകർക്കിടയിൽ ആശങ്ക പടർന്നതോടെ അദാനി സ്ഥാപനങ്ങളുടെ ഓഹരികൾ നിക്ഷേപകർ വിറ്റഴിക്കുകയായിരുന്നു.
7670 കോടി ഡോളറിൽ അധികമാണ് അദാനിയുടെ മൊത്തം ആസ്തി. ഒരു വർഷത്തിനിടെ അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിന്‍റെ ഓഹരിവിലയിൽ 330 ശതമാനമാണ് വർധന. അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിൽ 263 ശതമാനവും അദാനി എന്‍റർപ്രൈസസിൽ 235 ശതമാനവും വർധനയുണ്ടായി. അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരി മൂല്യത്തിൽ ഒരു വർഷത്തിനുള്ളിൽ ഇരട്ടി വർധനയാണ് രേഖപ്പെടുത്തത്. അതേസമയം, അംബാനിയുടേതിൽ 3.6 ശതമാനം ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. മൗറീഷ്യസ് കമ്പനികളുടെ നിക്ഷേപമാണ് അദാനി കമ്പനികളുടെ ഓഹരിവില കുതിച്ചുയരാൻ കാരണമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.
ഈ വർഷം അംബാനിയുടെ ആസ്തി ഇത്തിരി പിറകോട്ടുപോയപ്പോൾ അദാനി ചരിത്ര കുതിപ്പുമായി 6650 കോടി ഡോളർ (4,85,558 കോടി രൂപ) ആയി ഉയർത്തിയാണ് രണ്ടാമതുണ്ടായിരുന്ന ചൈനീസ് വ്യവസായി ഷാങ് ഷാൻഷനെ മറികടന്നത്. കോവിഡ് രാജ്യത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ അദാനിയുടെ ആസ്തി 3270 കോടി ഡോളറാണ് ഒറ്റ വർഷത്തിനിടെ കൂടിയത്.
കഴിഞ്ഞ ഫെബ്രുവരി വരെ ഷാങ് ഷാൻഷൻ ആയിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ഫെബ്രുവരിയോടെ പദവി ഏറ്റെടുത്ത അംബാനിയുടെ സമ്പാദ്യം 7650 കോടി ഡോളർ (5,58,576 കോടി രൂപ) ആണ്. ആഗോള അതിസമ്പന്നരുടെ പട്ടികയിൽ 13ാമതാണ് അംബാനി. പുതിയ പട്ടിക പ്രകാരം തൊട്ടുപിറകിൽ 14ാമനായി അദാനിയുമുണ്ട്.
കുടിവെള്ള, ഫാർമ വ്യവസായ ഭീമനാണ് ചൈനീസ് വ്യവസായിയായ സോങ്. വാൻറയ് ബയോളജിക്കൽ ഫാർമസി എൻറർപ്രൈസസ് ആണ് അദ്ദേഹത്തിെൻറ കമ്പനി. കോവിഡ് കിറ്റ് നിർമാണ രംഗത്തെ നേട്ടങ്ങൾ കമ്പനിക്ക് തുണയായിരുന്നു.
ചരക്കു വ്യാപാരിയായി വ്യവസായ രംഗത്തെത്തിയ അദാനിക്ക് നിലവിൽ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജം, പ്രകൃതി വിഭവങ്ങൾ, ലൊജിസ്റ്റിക്സ്, കാർഷിക വ്യവസായം, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ, വാതക വിതരണം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമുണ്ട്. അദാനി ഗ്രീൻ, അദാനി എൻറർപ്രൈസസ്, അദാനി ഗ്യാസ്, അദാനി ട്രാൻസ്മിഷൻ തുടങ്ങിയവയുടെ ഓഹരികളാണ് കുതിച്ചത്. അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾക്ക ് 12 ഇരട്ടിയാണ് വില കൂടിയത്. അദാനി എൻറർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ എന്നിവക്ക് എട്ടിരട്ടിയും വില കൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.