പ്രധാനമന്ത്രി രാജ്യത്തെ നിയമത്തിന് മുകളിലാണോ? മോദിയേയും തെരഞ്ഞെടുപ്പ് കമീഷനേയും വിമർശിച്ച് കെ.ടി.ആർ
text_fieldsഹൈദരാബാദ്: തെരഞ്ഞെടുപ്പ് കമീഷനേയും പ്രധാനമന്ത്രിയെയും വിമർശിച്ച് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു (കെ.ടി.ആർ). ഭരണഘടന മാറ്റാനും ദളിത്, ഒ.ബി.സി സംവരണം തട്ടിയെടുക്കാനുമാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്, 'ജിഹാദി' വോട്ട് ബാങ്കിന് സംവരണം നൽകുക എന്നിങ്ങനെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങൾക്ക് മറുപടിയായി ഇന്ത്യയിൽ തെരഞ്ഞെടുപ്പ് കമീഷൻ (ഇ.സി) ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
"ഇന്ത്യയിൽ ഒരു തെരഞ്ഞെടുപ്പ് കമീഷൻ ഉണ്ടോ? പ്രധാനമന്ത്രി രാജ്യത്തിലെ നിയമത്തിന് മുകളിലാണോ? ഇങ്ങനെയാണോ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ടത്?" - കെ.ടി.ആർ എക്സ് പോസ്റ്റിൽ ചോദിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്‌ലിംകളെ കുറിച്ച് വിവാദ പരാമർശങ്ങൾ ആവർത്തിച്ച് നടത്തുകയാണ്. രാജസ്ഥാനിലെ ഒരു റാലിയിൽ, ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ മുസ്ലിംകൾക്ക് കൊടുക്കുമെന്ന് മോദി പറഞ്ഞു. "നുഴഞ്ഞുകയറ്റക്കാർ" എന്നാണ് മോദി മുസ്ലിംകളെ വിശേഷിപ്പിച്ചത്. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ മുസ്ലിംകൾക്ക് സമ്പത്ത് പുനർവിതരണം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞതായി അവകാശപ്പെട്ട മോദി, കോൺഗ്രസ് സ്ത്രീകളുടെ സ്വർണ്ണം മുസ്ലിംകൾക്ക് നൽകുമെന്നും പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചു. വിദ്വേഷ പ്രസംഗം, മതസംഘർഷം വളർത്തൽ, ഭിന്നിപ്പുണ്ടാക്കുന്ന പരാമർശങ്ങൾ എന്നിവ മോദിക്കെതിരായ പരാതികളിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.