'ഇതാണോ വെറുപ്പിന്‍റെ കമ്പോളത്തിലെ സ്നേഹത്തിന്‍റെ കട'; മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബി.ജെ.പി
text_fieldsഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ ഹരിയാന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി. സംഭവത്തിൽ കോൺഗ്രസ് നേതാവ് ഉദയ് ബനിനെതിരെ നടപടി സ്വീകരിക്കണമെന്നും പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ശനിയാഴ്ചയായിരുന്നു ഉദയ് ബൻ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിനെയും വിമർശിച്ച് രംഗത്തെത്തിയത്. പരാമർശത്തിൽ വിവാദം ശക്തമായതോടെ താൻ ആരെയും പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നും ഉദയ് ബൻ പറഞ്ഞു. തെറ്റ് എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ മാപ്പ് പറയുമായിരുന്നുവെന്നും, ബി.ജെ.പി തങ്ങളുടെ നേതാക്കളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ബി.ജെ.പി എം.പി രമേശ് ബിധുർ ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞതിന് പിന്നാലെയാണ് ഉദയ് ബന്നിനെതിരായ ആരോപണങ്ങളും ശക്തമാകുന്നത്. ഡാനിഷ് അലിയെ സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളെന്നും തീവ്രവാദിയെന്നും ബിധുരി വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ബിധുരിയെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും എം.പിക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. വിഷയത്തിന് ശേഷം ഡാനിഷ് അലിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാഹുൽ ഗാന്ധി ' വെറുപ്പിന്‍റെ കമ്പോളത്തിലെ സ്നേഹത്തിന്‍റെ കട' എന്ന് എക്സിൽ കുറിച്ചിരുന്നു. ഈ വാക്യം പരാമർശിച്ചുകൊണ്ടാണ് ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ബനിനെതിരെ ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തെത്തിയത്.
ഇതാണോ സ്നേഹത്തിന്‍റെ കട എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും അപകീർത്തികരമായ പരാമർശം നടത്തിയ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ പുറത്താക്കാൻ കോൺഗ്രസിന് സാധിക്കുമോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സ്നേഹത്തിന്‍റെ കടയിലെ കോൺഗ്രസിന്‍റെ വെറുപ്പിന്‍റെ കഥകളാണെന്നും പൂനാവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.