ഡൽഹി കലാപക്കേസിൽ കുടുക്കപ്പെട്ട ഇശ്റത് ജഹാന് ലോക്കപ്പിൽ ക്രൂരമർദനം; വസ്ത്രം വലിച്ചു കീറി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചതിെൻറ പേരിൽ ഡൽഹി കലാപക്കേസിൽ കുടുക്കി ജയിലിലടക്കപ്പെട്ട ഡൽഹിയിലെ കോൺഗ്രസ് കൗൺസിലർ ഇശ്റത് ജഹാന് ലോക്കപ്പിനുള്ളിൽ ക്രൂരമർദനം. മൻഡോളി ജയിലിൽ അന്തേവാസികൾ ഇശ്റതിെൻറ തല മതിലിലിടിപ്പിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി ഭർത്താവ് ഫർഷാൻ ഹശ്മിയും സഹോദരി സർവർ ജഹാനും ആരോപിച്ചു. തീവ്രവാദിയെന്ന് ആക്ഷേപിച്ച സഹതടവുകാർ പണം ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തുന്നുണ്ട്. പ്രഭാത നമസ്കാരം നടത്തുന്നത് തടഞ്ഞാണ് മർദനവും ചീത്തവിളിയും.അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ജീവൻ അപകടത്തിലാകുമെന്ന് കാണിച്ച് സമർപ്പിച്ച പരാതിയിൽ കോടതി ജയിലധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇതു രണ്ടാം തവണയാണ് ഇശ്റത് ഇത്തരത്തിൽ ദേഹോപദ്രവങ്ങൾക്കും അവഹേളനങ്ങൾക്കും ഇരയാവുന്നത്. ജയിലിൽ നടന്ന സംഭവവികാസങ്ങൾ അസിസ്റ്റൻറ് സൂപ്രണ്ട് കോടതി മുമ്പാെക സ്ഥിരീകരിച്ചു. സുരക്ഷ ഉറപ്പാക്കാൻ ജയിൽ അധികൃതർക്ക് അടിയന്തര നിർദേശം നൽകിയ അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ബുധനാഴ്ച വിഡിയോ കോൺഫറൻസ് മുഖേനെ ഇശ്റതിനെ കോടതിയിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഡൽഹി കലാപക്കേസിൽ അറസ്റ്റിലായ ഏതാണ്ടെല്ലാവരും ജയിലിൽ അന്തേവാസികളുടെയോ അധികൃതരുടെയോ ഭാഗത്തുനിന്ന് ദുരിതങ്ങൾ നേരിടുന്നുണ്ടെന്ന് മുൻ ആപ് കൗൺസിലർ താഹിർ ഹുസൈനുവേണ്ടി ഹാജരാവുന്ന അഡ്വ. റിസ്വാൻ കോടതിയിൽ ധരിപ്പിച്ചു. എന്നാൽ, കുറ്റാരോപിതർ മാത്രമാണെന്നും കുറ്റവാളികളല്ലെന്നും ജഡ്ജി ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.