മുസ്ലിം പേഴ്സണൽ ലോ ബോർഡ് ജനറൽ സെക്രട്ടറി മൗലാന വലി റഹ്മാനി അന്തരിച്ചു
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യൻ മുസ്ലിം സമൂഹത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിനും അവകാശ സംരക്ഷണപ്പോരാട്ടങ്ങൾക്കും സജ്ജമാക്കിയ പ്രമുഖ പണ്ഡിതനും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ജനറൽ സെക്രട്ടറിയുമായ മൗലാന സയ്യിദ് വലി റഹ്മാനി (78) ഓർമയായി. ഏതാനും ആഴ്ചകൾ മുമ്പ് രോഗബാധിതനായ റഹ്മാനിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച ഉച്ച രണ്ടരക്ക് പട്നയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
അക്കാദമിക് മേഖലയിലും സാമൂഹിക സേവന രംഗത്തും നൽകിയ സംഭാവന പരിഗണിച്ച് 1974ൽ ബിഹാർ ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് നാമ നിർദേശം ചെയ്യപ്പെട്ട വലി റഹ്മാനി 1996 വരെ എം.എൽ.സിയായി തുടർന്നു. ഈ കാലയളവിൽ ബിഹാറിലെ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് 19 ഭേദഗതികളടങ്ങുന്ന ബിൽ കൊണ്ടുവന്ന് അത് നിയമമാക്കി. വിദ്യാഭ്യാസ മേഖലയിൽ സമുദായത്തിെൻറ ഉന്നമനത്തിന് നവീനമായ പല പദ്ധതികളും നടപ്പാക്കി.
ബിഹാറിൽ ഉർദുവിനെ രണ്ടാം ഔേദ്യാഗിക ഭാഷയാക്കിയതിനു പിന്നിലും അദ്ദേഹത്തിെൻറ പരിശ്രമമായിരുന്നു. സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ യത്നിച്ച റഹ്മാനി രാജ്യത്തെ മുസ്ലിം സ്ത്രീകളെ തങ്ങളുടെ അവകാശങ്ങൾക്കായി അഖിലേന്ത്യ വ്യക്തിനിയമ ബോർഡിന് കീഴിൽ സംഘടിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ചുക്കാൻ പിടിച്ചു. വ്യക്തിനിയമ ബോർഡിെൻറ വനിത വിങ്ങാണ് മുത്തലാഖിനെതിരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നാലു കോടിയിലേറെ മുസ്ലിം സ്ത്രീകളെ സമരരംഗത്തിറക്കിയത്.
1943ൽ മുംഗേറിലാണ് മൗലാന മിന്നതുല്ലാ റഹ്മാനിയുടെ മകനായ വലി റഹ്മാനിയുടെ ജനനം. റഹ്മാനി ഫൗണ്ടേഷൻ സ്ഥാപകനായ വലി റഹ്മാനി 1991മുതൽ മുംഗേറിലെ റഹ്മാനി ഖാൻഖാഹിെൻറ 'സജ്ജാദ നശീൻ' പദവി വഹിച്ചു വരുകയാണ്. നിലവിൽ അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറ ഉപാധ്യക്ഷനും ബിഹാർ, ഒഡിഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളുടെ 'അമീേറ ശരീഅ'യുമാണ്.
മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ ന്യൂനപക്ഷ വിദ്യാഭ്യാസ നിരീക്ഷകൻ, മൗലാന ആസാദ് എജുക്കേഷൻ ഫൗണ്ടേഷൻ ഉപാധ്യക്ഷൻ എന്നീ പദവികൾക്കു പുറമെ കേന്ദ്ര വഖഫ് കൗൺസിൽ, അലീഗഢ് മുസ്ലിം സർവകലാശാല കോർട്ട്, ലക്നോ ദാറുൽ ഉലും നദ്വത്തുൽ ഉലമ, ന്യൂനപക്ഷ വിദ്യാഭ്യാസ വകുപ്പ് സ്ഥിരസമിതി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഷാ ഇംറാൻ ഹസൻ രചിച്ച റഹ്മാനിയുടെ ജീവചരിത്രമാണ് 'ഹയാത്തി വലി'.
മൗലാന വലി റഹ്മാനിയുടെ നിര്യാണത്തിൽ ആൾ ഇന്ത്യ മുസ് ലിം പേഴ്സണൽ ലോ ബോർഡ് അനുശോചിച്ചു. റഹ്മാനിയുടെ വിയോഗം സമുദായത്തിന് നികത്താനാവാത്ത നഷ്ടമാണ്. എല്ലാവരും റഹ്മാനിക്കായി പ്രാർഥിക്കണമെന്നും പേഴ്സണൽ ലോ ബോർഡ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.