പശ്ചിമേഷ്യൻ സംഘർഷത്തിലെ അക്കാദമിക സെമിനാറുകൾ മാറ്റിവെച്ചു; ജെ.എൻ.യുവിനെതിരെ ‘ഇസ്രായേൽ പക്ഷപാത’ ആരോപണം
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ഇറാൻ, ഫലസ്തീൻ,ലെബനാൻ അംബാസഡർമാരെ സംസാരിക്കാൻ ക്ഷണിച്ചിരുന്ന അക്കാദമിക സെമിനാറുകൾ ജെ.എൻ.യു മാറ്റിവച്ചു. ഇതെത്തുടർന്ന് സർവകലാശാലക്ക് ഇസ്രായേൽ പക്ഷപാതിത്വമാണെന്നും കാമ്പസിലെ ഇസ്രായേൽ വിരുദ്ധ ചർച്ചകളെ നിരുത്സാഹപ്പെടുത്താനുള്ള നയത്തിന്റെ ഭാഗമാണിതെന്നും വിമർശനമുയർന്നു.
എന്നാൽ, ജെ.എൻ.യുവിന്റെ സ്‌കൂൾ ഓഫ് ഇന്‍റനാഷണൽ സ്റ്റഡീസിന്റെ (എസ്.ഐ.എസ്) ഡീൻ അമിതാഭ് മട്ടു, സെന്‍റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് (സി.ഡബ്ല്യു.എ.എസ്) വിഭാഗം ചെയർപേഴ്‌സൻ സമീന ഹമീദ് എന്നിവർ തീരുമാനത്തെ ന്യായീകരിച്ചു. സെമിനാർ കോർഡിനേറ്റർ സ്ഥാനത്തുനിന്ന് ഇപ്പോൾ നീക്കം ചെയ്ത സീമ ബൈദ്യ നടപടിക്രമങ്ങൾ പാലിക്കാതെ സെമിനാറുകൾ ഷെഡ്യൂൾ ചെയ്തതായി സമീന ഹമീദ് ആരോപിച്ചു. ചർച്ചകൾക്കായി മൂന്ന് അംബാസഡർമാരെയും സർവകലാശാല ‘ഉടൻ’ ക്ഷണിക്കുമെന്നും അവർ പറഞ്ഞു.
വ്യാഴാഴ്ചകളിൽ നടക്കുന്ന പ്രതിവാര സെമിനാറിലേക്ക് വിദഗ്ധരെ ക്ഷണിക്കുന്നതിന് ഒരു പ്രഫസറെ സെമിനാർ കോർഡിനേറ്ററായി സി.ഡബ്ല്യു.എ.എസ് നിയമിക്കും. ഇത്തവണ സീമ ബൈദ്യക്കായിരുന്നു അതിന്റെ ചുമതല. പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് ഒക്ടോബർ 24ന് നടക്കുന്ന സെമിനാറിലേക്ക് ഇറാൻ അംബാസഡറെയും നവംബർ 7,14 തീയതികളിൽ നടക്കുന്ന സെമിനാറുകളിലേക്ക് ഫലസ്തീൻ, ലെബനീസ് പ്രതിനിധികളെയും ബൈദ്യ ക്ഷണിച്ചിരുന്നു. എന്നാൽ മൂന്ന് പരിപാടികളും മാറ്റിവെക്കപ്പെട്ടു. നടപടിക്രമത്തിലെ വീഴ്ചകൾ അന്വേഷിക്കാൻ ജെ.എൻ.യു ഒരു കമ്മിറ്റി രൂപീകരിക്കുകയും കൂടാതെ ബൈദ്യയെ സെമിനാർ കോർഡിനേറ്റർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയുമുണ്ടായി.
എസ്.ഐ.എസ് സെമിനാറുകളിലേക്ക് ഏതെങ്കിലും പ്രമുഖരെ ക്ഷണിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്ന് ജെ.എൻ.യുവിൽ നിന്ന് വിരമിച്ച പ്രഫസറും എസ്.ഐ.എസിന്റെ മുൻ ഡീനുമായ അജയ് പട്‌നായിക് പറഞ്ഞു. സെമിനാർ കോർഡിനേറ്ററാണ് സാധാരണയായി സംസാരിക്കാനുള്ള വ്യക്തികളെ തെരഞ്ഞെടുക്കുക. ഒരു അംബാസഡറെ ക്ഷണിക്കണമെങ്കിൽ സി.ഡബ്ല്യു.എ.എസ് ചെയർപേഴ്സനെ അറിയിക്കണം എന്നേയുള്ളൂ -അദ്ദേഹം പറഞ്ഞു.
ഒരു സെമിനാർ നിർത്തിവച്ചാൽ അത് മറ്റൊരു തിയ്യതിയിലേക്ക് പുനഃക്രമീകരിക്കണമെന്നാണ്. എന്നാൽ, ഈ പരിപാടികൾ എപ്പോൾ നടത്തുമെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അംബാസഡർമാരെ ക്ഷണിച്ചതിനുശേഷം പരിപാടികൾ നിർത്തിവെച്ചുവെങ്കിൽ ഇസ്രായേലിനെതിരായ വിമർശനം നിരുത്സാഹപ്പെടുത്തുന്നു എന്നാണ് ഇതിനർത്ഥം. ഒരു സർവകലാശാലയിലും ഇസ്രയേലിന്റെ നടപടികളെക്കുറിച്ച് വിമർശനാത്മക ചർച്ചകൾ സർക്കാർ ആഗ്രഹിക്കുന്നില്ല. നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ജെ.എൻ.യു ഭരണകൂടം അത് ചെയ്യുന്നത്. കാമ്പസിലെ രണ്ട് എസ്.ഐ.എസ് പ്രഫസർമാരും പട്‌നായിക്കിനെ പിന്തുണച്ചു. സെമിനാറുകൾ ഫലത്തിൽ റദ്ദാക്കിയെന്നും സർവകലാശാലയിലെ ‘ഇസ്രായേൽ ലോബി’യാണ് ഇതിന്റെ പിന്നിലെന്നും അവരിൽ ഒരാൾ ആരോപിച്ചു.
ഇറാനിയൻ പ്രതിനിധിയുടെ പ്രഭാഷണം ആസൂത്രണം ചെയ്യുന്നതിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നാണ് സമീന ഹമീദ് ആരോപിക്കുന്നത്. ‘വിദേശ അംബാസഡർമാരെ സ്വീകരിക്കുന്നതിലും പരിപാടി നടത്തുന്നതിലും ചില പ്രോട്ടോക്കോളുകൾ പാലിക്കണം. എന്നാൽ, ഇറാൻ അംബാസഡറെ ക്ഷണിച്ച വിവരം ചെയർപേഴ്‌സനെയോ ഡീനെയോ അറിയിച്ചിട്ടില്ല. അതിനാൽ പരിപാടി മാറ്റിവക്കേണ്ടി വന്നു’വെന്നും അവർ പറഞ്ഞു. കോ ഓർഡിനേറ്റർ സ്വന്തം നിലയിൽ അവരെ ബന്ധപ്പെട്ടിരിക്കാം. പക്ഷേ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നും സെമിനാർ കോർഡിനേറ്ററുടെ ചുമതല ‘താത്കാലികമായി’ മറ്റൊരു ഫാക്കൽറ്റി അംഗത്തിന് നൽകിയിട്ടുണ്ടെന്നും സമീന ഹമീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.