'ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്', ഫലസ്തീനികൾക്കെതിരായ ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി സ്വര ഭാസ്കർ
text_fieldsന്യൂഡൽഹി: ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ ശക്തിയായി പ്രതിഷേധിച്ച് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ. ഇസ്രായേൽ ബോംബറുകൾ നടത്തിയ ആക്രമണത്തിൽ ഒമ്പതുകുട്ടികളുൾപെടെ 22 ഫലസ്തീനികൾ ഗസ്സയിൽ മരിച്ചതിനു പിന്നാലെ 'ഇസ്രായേൽ ഭീകര രാജ്യമാണ്' എന്നതടക്കം നിരവധി ട്വീറ്റുകളുമായി സ്വര തെൻറ കടുത്ത പ്രതിഷേധമറിയിച്ചു.
ഏഴു വർഷത്തിനിടെ ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെട്ട ആക്രമണമാണ് ഗസ്സയിൽ നടന്നത്. മസ്ജിദുൽ അഖ്സയിൽ മൂന്നു ദിവസമായി തുടരുന്ന അതിക്രമത്തിനിടെയാണ് ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
'ഇസ്രായേൽ ഒരു വർഗവിവേചന രാഷ്ട്രമാണ്. ഇസ്രായേൽ ഒരു ഭീകര രാജ്യമാണ്. അതിൽ കൂടൂതൽ ഒന്നും പറയാനില്ല' -ഒരു ട്വീറ്റിൽ സ്വര കുറിച്ചതിങ്ങനെ. 'ഫലസ്തീനൊപ്പം നിൽക്കുകയും അവർക്ക് നീതി തേടുകയും ചെയ്യുകയെന്നത് ഒരു ഇസ്ലാമിക ആവശ്യമല്ല. ചുരുങ്ങിയത് അതങ്ങനെ മാത്രല്ലാതിരിക്കുകയെങ്കിലും വേണം...അത് പ്രാഥമികമായും പ്രധാനമായും സാമ്രാജ്യത്വ-അധിനിവേശ വിരുദ്ധവും വർഗവിവേചനത്തിനെതിരായതുമാണ്...അതുകൊണ്ട് നമ്മുടെയെല്ലാം ഉള്ളിൽ -മുസ്ലിംകളല്ലാത്തവരിൽപോലും-അതൊരു ആശങ്കയായി നിറയേണ്ടതുണ്ട്.'-സ്വര ട്വീറ്റ് ചെയ്തു.
2010ൽ ഏഷ്യയിൽനിന്ന് ഗസ്സയിലേക്ക് നടത്തിയ ഐക്യദാർഢ്യപ്രകടനത്തിൽ പെങ്കടുത്തതിെൻറയും 2011ൽ ഗസ്സയിൽ സന്ദർശനം നടത്തിയതിെൻറയും ഫോട്ടോകളും അവർ പോസ്റ്റ് ചെയ്തു.
മസ്ജിദുൽ അഖ്സയോടു ചേർന്നുള്ള ശൈഖ് ജർറാഹ് പ്രദേശത്തെ ഫലസ്തീനി താമസക്കാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ആരംഭിച്ച പ്രക്ഷോഭമാണ് മേഖലയെ വീണ്ടും സംഘർഷഭരിതമാക്കിയത്. മസ്ജിദുൽ അഖ്സയിൽ കടന്നുകയറി ഇസ്രായേൽ സേന നടത്തിയ അതിക്രമങ്ങളിൽ 300 ലേറെ പേർക്ക് പരിക്കേറ്റിരുന്നു.
ആക്രമണം അവസാനിപ്പിക്കാൻ ലോക രാഷ്ട്രങ്ങൾക്കൊപ്പം ഗസ്സയുടെ ചുമതലയുള്ള ഹമാസും ആവശ്യപ്പെട്ടിരുന്നു. നിരന്തര സമ്മർദം ഉയർന്നിട്ടും പരിഗണിക്കാതെ വന്നതോടെ തിങ്കളാഴ്ച ഹമാസ് ഇസ്രായേലിനു നേരെ റോക്കറ്റാക്രമണം നടത്തി. ദക്ഷിണ ഇസ്രായേലിലുണ്ടായ ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.