നെതന്യാഹുവും ഭാര്യയും താജ്മഹൽ സന്ദർശിച്ചു
text_fieldsആഗ്ര: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഭാര്യ സാറയും ആഗ്രയിലെ താജ്മഹൽ സന്ദർശിച്ചു. ആഗ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നെത്തിയ നെതന്യാഹു കിഴക്കൻ കവാടത്തിലൂടെയാണ് താജ്മഹലിലേക്ക് പ്രവേശിച്ചത്. താജ് മഹൽ സ്ഥിതി ചെയ്യുന്ന സമുച്ചയത്തിലേക്ക് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഗോൾഫ് കാർട്ടിലാണ് നെതന്യാഹുവും ഭാര്യയും എത്തിയത്.
ഇസ്രായേലിൽ നിന്നുള്ള ഉന്നത പ്രതിനിധികളും സുരക്ഷാ ജീവനക്കാരും നെതന്യാഹുവിനെ അനുഗമിച്ചു. വി.ഐ.പി സന്ദർശനത്തിന്‍റെ ഭാഗമായി ഉച്ചക്ക് 11 മണി മുതൽ സ്മാരകത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനത്തിന് താൽകാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.
രാവിലെ ഹോട്ടലിലെത്തിയ നെതന്യാഹുവിനെയും ഭാര്യയെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. വി.ഐ.പികൾക്കായി മുഖ്യമന്ത്രി ഉച്ചവിരുന്ന് ഒരുക്കിയിട്ടുണ്ട്.
മുഗൾ ചക്രവർത്തി ഷാജഹാൻ തന്‍റെ പ്രാണ പ്രേയസിയായ പത്നി മുംതാസിന്‍റെ ഒാർമക്കായി 17ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് താജ് മഹൽ. 1631ൽ ആഗ്രയിൽ യമുന നദിയുടെ തീരത്ത് വെണ്ണക്കൽ മാർബിളിൽ നിർമിച്ച സ്മാരക സൗധത്തെ ലോക പൈതൃക സ്ഥലമായി യുനെസ്കോ പ്രഖ്യാപിച്ചിരുന്നു. പ്രണയത്തിന്‍റെ അനശ്വര പ്രതീകമായാണ് താജ്മഹൽ അറിയപ്പെടുന്നത്.
ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ഉത്തർപ്രദേശ് ടൂറിസം ബുക്ക്ലെറ്റിൽ നിന്നും ലഘുരേഖയിൽ നിന്നും ഒഴിവാക്കിയ യോഗി സർക്കാറിന്‍റെ നടപടി വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് മുഖം രക്ഷിക്കാൻ താജ്മഹലിനെ യു.പി പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ പൈതൃക കലണ്ടറിൽ പിന്നീട് ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.