ഗസ്സയിലെ സിവിലിയൻമാരുടെ മരണത്തിൽ ഇസ്രായേൽ വളരെയധികം ശ്രദ്ധിക്കണം -ജയ്ശങ്കർ
text_fieldsന്യൂഡൽഹി: ഗസ്സയിൽ സിവിലയൻമാരുടെ മരണത്തിൽ ഇസ്രായേൽ വളരെയധികം ശ്രദ്ധിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാൻ ഇസ്രായേലിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജർമ്മനയിൽ നടന്ന മ്യൂണിക് സുരക്ഷാ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ജർമ്മൻ വിദേശകാര്യമന്ത്രി അന്നാലേന ബായേർബോക്കും കോൺഫറൻസിൽ പങ്കെടുത്തു.
ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തെ ഭീകരപ്രവർത്തനമെന്ന് വിശേഷിപ്പിച്ച ജയ്ശങ്കർ അതിന് ഒരു ന്യായീകരണവും ഇല്ലെന്നും പറഞ്ഞു. ആക്രമണത്തോടുള്ള ഇസ്രായേലിന്റെ മറുപടിയിൽ സിവിലിയൻമാരുടെ മരണത്തിൽ ശ്രദ്ധ വേണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസിന്റെ തടവിലുള്ള ഇസ്രായേൽ പൗരൻമാരെ തിരിച്ചെത്തിക്കുകയെന്നതാണ് ഇപ്പോൾ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യം. ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള സൗകര്യവും വേണം. ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം ശാശ്വതമായി പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശ്നം പരിഹരിക്കാൻ രണ്ട് രാഷ്ട്രങ്ങൾ വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. ദശകങ്ങളായി ഇന്ത്യ ഇതേ നിലപാട് തുടരുകയാണ്. പ്രശ്ന പരിഹാരത്തിന് ദ്വിരാഷ്ട്രം വേണമെന്ന് പല രാജ്യങ്ങളും കരുതുന്നു. എന്നാൽ, അത് ഇപ്പോൾ അടിയന്തരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.