ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് ഇസ്രായേൽ
text_fieldsന്യൂഡൽഹി: ഫലസ്തീൻ വിമോചന പോരാട്ട സംഘടനയായ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രായേൽ വീണ്ടും ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. പാക് അധീന കശ്മീരിൽ കഴിഞ്ഞ മാസം നടന്ന 'കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ' നിരവധി ഹമാസ് നേതാക്കൾ എത്തിയെന്ന റിപ്പോർട്ടുകൾ വന്നിരിക്കെയാണ് ഇന്ത്യയോട് ഇസ്രായേൽ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടത്. അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ കടന്നുകയറി നടത്തിയ ആക്രമണത്തിന് പിന്നാലെയും ഇക്കാര്യം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യ അത്തരത്തിലൊരു നീക്കം നടത്തിയില്ല. ഹമാസിന്‍റെ ആക്രമണത്തെ അപലപിച്ചിരുന്നെങ്കിലും ഭീകരസംഘടനയായി ഇന്ത്യ കണക്കാക്കിയിട്ടില്ല.
ഹമാസിന്‍റെ ഭീകരപ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ സർക്കാറിന് കൈമാറിയെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. ഐക്യരാഷ്ട്രസഭ നിരോധിത ഭീകര സംഘടനകളായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ (എൽ.ഇ.ടി), ജെയ്ഷ്-ഇ-മുഹമ്മദ് എന്നീ സംഘടനകളിലെ അംഗങ്ങൾ ഹമാസ് നേതാക്കളോടൊപ്പം പാക് അധീന കശ്മീരിൽ ഒത്തുചേർന്നെന്നും ഇസ്രായേൽ പറയുന്നു.
ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തെയാണ് ഇന്ത്യ എക്കാലത്തും പിന്തുണച്ചിട്ടുള്ളത്. പരമാധികാരമുള്ള ഫലസ്തീൻ രാഷ്ട്രം നിലവിൽ വരണമെന്ന പരിഹാരമാർഗം മുന്നോട്ടുവെക്കുന്ന ഇന്ത്യ, ഫലസ്തീന്‍റെ ഐക്യരാഷ്ട്ര സഭ അംഗത്വത്തെയും പിന്തുണക്കുന്നുണ്ട്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ 1195 പേരാണ് മരിച്ചത്. ഇതിന് പിന്നാലെ 15 മാസത്തോളം ഇസ്രായേൽ ഗസ്സയിൽ നടത്തിയ യുദ്ധത്തിൽ അരലക്ഷത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.