ഇസ്രായേൽ തെരഞ്ഞെടുപ്പ് ‘അട്ടിമറി’ സംഘം ഇന്ത്യയിലും ഇടപെട്ടു
text_fieldsലണ്ടൻ: ഇന്ത്യയടക്കം 30ലേറെ രാജ്യങ്ങളിൽ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനും ഇസ്രായേൽ സംഘം ശ്രമിച്ചതായി വെളിപ്പെടുത്തൽ. അമേരിക്ക, കാനഡ, യു.കെ, ജർമനി, സ്വിറ്റ്സർലൻഡ്, മെക്സികോ, സെനഗാൾ തുടങ്ങിയ രാജ്യങ്ങളിലും ‘ടീം ജോർജ്’ സംഘം തെരഞ്ഞെടുപ്പുകളിൽ അടക്കം ഇടപെട്ടതായി 30 മാധ്യമപ്രവർത്തകർ നടത്തിയ സംയുക്താന്വേഷണത്തിൽ ബോധ്യപ്പെട്ടു.
33 രാജ്യങ്ങളിലെ ജനാധിപത്യ- തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടതിൽ 27 ഇടത്തും വിജയം കണ്ടതായും ഇസ്രായേൽ സ്ഥാപനം അവകാശപ്പെട്ടു. വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകൾ സൃഷ്ടിച്ചും ഹാക്ക് ചെയ്തും വ്യാജ വാർത്തകളുണ്ടാക്കി പ്രചരിപ്പിച്ചും തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചതിന്റെ വിവരങ്ങളാണ് പ്രമുഖ ബ്രിട്ടീഷ് പത്രമായ ‘ദ ഗാർഡിയൻ’ അടക്കം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
ഇസ്രായേൽ പ്രത്യേക സേനാംഗമായിരുന്ന 50കാരൻ താൽ ഹാനന്റെ നേതൃത്വത്തിൽ ‘ടീം ജോർജ്’ എന്ന പേരിലാണ് പ്രവർത്തനം. രണ്ടു പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് പ്രചാരണവും ഫലവും നിയന്ത്രിച്ച് നിഗൂഢ സാന്നിധ്യമാണെന്ന് റിപ്പോർട്ട് പറയുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവക്കും സേവനം നൽകാറുണ്ടെന്ന് ഹാനൻ പറഞ്ഞു.
മാധ്യമപ്രവർത്തനത്തിനിടെ കൊല്ലപ്പെടുകയോ ഭീഷണിയിൽ മൗനികളാക്കുകയോ ജയിലിലാകുകയോ ചെയ്ത മാധ്യമപ്രവർത്തകരുടെ ദൗത്യം മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘ഫോർബിഡൻ സ്റ്റോറീസ്’ എന്ന കൂട്ടായ്മയാണ് അന്വേഷണം നടത്തിയത്. 2017ൽ പ്രതിരോധ കരാറിന്റെ ഭാഗമായി ഇന്ത്യ ഇസ്രായേലിൽ നിന്ന് ചാര സോഫ്റ്റ്വെയറായ ‘പെഗാസസ്’ സ്വന്തമാക്കി രാഷ്ട്രീയ എതിരാളികളെയും മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും നിരീക്ഷിച്ച വിവരം പുറത്തുവന്നിരുന്നു.
ആറു മാസത്തെ അന്വേഷണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ആഫ്രിക്കയിലെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ടീം ജോർജിന്റെ സഹായം ആവശ്യപ്പെട്ടാണ് റേഡിയോ ഫ്രാൻസ്, ഹാരെറ്റ്സ്, ദ മാർകർ എന്നിവയിലെ മൂന്ന് മാധ്യമപ്രവർത്തകർ ‘ടീം ജോർജി’ൽനിന്ന് വിവരങ്ങൾ ചോർത്തിയത്. 2022 ജൂലൈ മുതൽ ഡിസംബർ വരെ ആറുമാസ കാലയളവിലായിരുന്നു കൂടിക്കാഴ്ചകൾ. ഇസ്രായേലിലെ തെൽഅവീവിൽനിന്ന് 20 മൈൽ അകലെ മോഡീനിൽ വ്യവസായ പാർക്കിലെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ഒളികാമറ ഓപറേഷനിലാണ് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഇടപെടലുകൾ വ്യക്തമായത്.
അഡ്വാൻസ്ഡ് ഇംപാക്ട് മീഡിയ സൊലൂഷൻസ് അഥവാ ‘എയിംസ്’ എന്ന അത്യാധുനിക സോഫ്റ്റ്വെയർ പാക്കേജാണ് ഇവരുടെ പ്രധാന സേവന മേഖല. ട്വിറ്റർ, ലിങ്ക്ഡ്ഇൻ, ഫേസ്ബുക്ക്, ടെലിഗ്രാം, ജി-മെയിൽ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയിലൊക്കെയും ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ വഴിയാണ് പ്രവർത്തനം നിയന്ത്രിക്കുക. തങ്ങളുടെ കക്ഷി ഇഷ്ടപ്പെടുന്ന വാർത്തകൾ ആദ്യം മാധ്യമങ്ങൾ വഴി പുറത്തുവിടും. പിന്നീട് ‘എയിംസ്’ വഴി പരമാവധി പേരിലേക്ക് എത്തിക്കും. എതിർകക്ഷികളുടെ പ്രചാരണം അട്ടിമറിച്ചും തടസ്സപ്പെടുത്തിയും ഇല്ലാതാക്കും.
പ്രതിരോധ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം നടത്തുന്ന വെബ്സൈറ്റിനു കീഴിൽ രജിസ്റ്റർ ചെയ്ത ‘ഡെമോമാൻ ഇന്റർനാഷനൽ’ കമ്പനിയെ ഉപയോഗപ്പെടുത്തിയും പ്രചാരണം നടത്തിയിരുന്നു. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും അക്കൗണ്ടുകളിൽ നുഴഞ്ഞുകയറി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ സാധ്യമല്ലെന്ന സമൂഹ മാധ്യമ കമ്പനികളുടെ അവകാശവാദം പൊളിക്കുന്നതാണ് ‘ടീം ജോർജി’ന്റെ വെളിപ്പെടുത്തൽ. 60 ലക്ഷം മുതൽ 1.5 കോടി യൂറോവരെ പ്രതിഫലം വാങ്ങിയായിരുന്നു പ്രവർത്തനം.
2017ൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ഓർമകളാണ് ‘ടീം ജോർജി’ന്റെ ഇന്ത്യൻ ബന്ധങ്ങളെക്കുറിച്ച അന്വേഷണത്തിലേക്ക് എത്തിച്ചത്. ‘ഇൻ ദ ഏജ് ഓഫ് ഫാൾസ് ന്യൂസ്’ എന്ന ഗൗരി ലങ്കേഷിന്റെ ലേഖനത്തിന്റെ അവസാന വരികളും റിപ്പോർട്ടിലുണ്ട്. ‘വ്യാജ വാർത്തകളെ തുറന്നുകാട്ടുന്നവരെ ഞാൻ അഭിനന്ദിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഇത്തരക്കാർ കൂടുതലുണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു’ -ഗൗരി ലങ്കേഷ് എഴുതി. തന്റെ അവസാന ലേഖനത്തിൽ വ്യാജ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ ഏതു രീതിയിലാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.