ഐ.എസ്.ആർ.ഒയുടെ മിസൈലുകൾ രാമന്റെ അമ്പുകൾ പോലെയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ മിസൈലുകളെ രാമന്റെ അമ്പുകളോട് ഉപമിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. ഐ.എസ്.ആർ.ഒ സ്പേസ് അപ്ളിക്കേഷൻസ് സെന്ററിന്റെ ഡയറക്ടർ തപൻ മിശ്ര കൂടി പങ്കെടുത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാട്രക്ചർ റിസർച്ച് ആൻഡ് മാനേജ്മെന്റിലെ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിലായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയുടെ പരാമർശം.
2017ൽ ഐ.എസ്.ആർ.ഒ ചെയ്യുന്നത് എത്രയോ കാലം മുൻപ് രാമൻ ചെയ്തിരുന്നുവെന്നും ആർ.എസ്.എസ് പ്രചാരകനായിരുന്ന വിജയ് രുപാണി പറഞ്ഞു. ശാസ്ത്രത്തെയും സാങ്കേതികവിദ്യയേയും രാമനുമായി ബന്ധപ്പെടുത്തുന്ന മിത്തോളജി യാഥാർഥ്യമാക്കി മാറ്റി മന്ത്രി പറഞ്ഞുകൊടുത്തത് എൻജിനീയറിങ് വിദ്യാർഥികൾക്കാണ് എന്നതാണ് ഏറെ രസകരം.
ശ്രീലങ്കയേയും ഇന്ത്യയേയും തമ്മിൽ ബന്ധപ്പെടുത്തുന്ന രാമേശ്വരത്തെ രാമസേതു പാലവും രാമന്റെ ഉൾക്കാഴ്ചയുടെ ഫലമായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അണ്ണാൻമാർ പോലും രാമന് സഹായവുമായി എത്തി. ഇന്നും ആ രാമസേതുവിന്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ കാണാം.
യുദ്ധത്തിനിടെ ലക്ഷ്മണന് അബോധാവസ്ഥയിലായപ്പോൾ കൊണ്ടുവരേണ്ട മരുന്നിന്റെ പേര് മറന്നുപോയ ഹനുമാൻ, ഔഷധം ഉണ്ടായിരുന്ന മല തന്നെ അപ്പാടെ കൊണ്ടുവരികയായിരുന്നു. ഒരു മല ഒന്നാകെ കൊണ്ടുവരാനുള്ള ഇൻഫ്രാ സ്ട്രക്ചർ എന്തായിരുന്നുവെന്നും നാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വിജയ് രുപാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.