ചന്ദ്രയാൻ 3 വിജയം: ആഹ്ലാദ മധുരം നുകർന്ന് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ
text_fieldsഅഭിമാന ചാന്ദ്രാദൗത്യമായ ചന്ദ്രയാൻ മൂന്നിന്‍റെ സമ്പൂർണ വിജയത്തിന്‍റെ ആഹ്ലാദം പങ്കിട്ട് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ. ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥും സഹപ്രവർത്തകരും ആഹ്ലാദം പങ്കിട്ടത്. പാട്ടിനൊപ്പം മുതിർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ ചുവടുവെച്ചു.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ മൂന്ന് പേടകം വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയത്. 40 ദിവസം നീണ്ട ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രമാണ് ഇന്ത്യയും ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐ.എസ്.ആർ.ഒയും തിരുത്തി കുറിച്ചത്. ഇതോടെ ദക്ഷിണ ധ്രുവത്തിൽ പേടകത്തെ ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ. കൂടാതെ, അമേരിക്കക്കും സോവിയറ്റ് യൂണിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ ഒരു പേടകത്തെ ഇറക്കുന്ന നാലാമത്തെ രാജ്യവുമായി ഇന്ത്യ.
2023 ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്ന് കുതിച്ചുയർന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണതറയിൽ നിന്നും എൽ.വി.എം 3 റോക്കറ്റിലായിരുന്നു പേടകത്തിന്‍റെ യാത്ര. ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ അകലെയുള്ള ചന്ദ്രനിൽ ലാൻഡറിനെയും റോവറിനെയും സുരക്ഷിതമായി ഇറക്കുകയായിരുന്നു ലക്ഷ്യം.
2008ലും 2019ലും രണ്ട് ചാന്ദ്രാദൗത്യങ്ങൾക്ക് ഐ.എസ്.ആർ.ഒ നേതൃത്വം നൽകിയിട്ടുണ്ട്. 100 ശതമാനം വിജയമായിരുന്ന ചന്ദ്രയാൻ ഒന്ന് ദൗത്യത്തിലൂടെ ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ ശാസ്ത്രലോകത്തിന് ലഭിച്ചു. സോഫ്റ്റ് ലാൻഡിങ് പരാജയം മാറ്റിനിർത്തിയാൽ 95 ശതമാനം വിജയമാണ് ചന്ദ്രയാൻ രണ്ട് ദൗത്യം സമ്മാനിച്ചത്. ചന്ദ്രന്‍റെ 100 കിലോമീറ്റർ ചുറ്റളവിൽ വലംവെച്ച ചന്ദ്രയാൻ രണ്ട് ഓർബിറ്റർ ശേഖരിച്ച ചന്ദ്രന്‍റെ ഏറ്റവും ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ചന്ദ്രയാൻ മൂന്നിന്‍റെ തയാറെടുപ്പിന് കരുത്തേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.