ഗഗൻയാൻ 2026ൽ വിക്ഷേപിച്ചേക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ
text_fieldsന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ ലക്ഷ്യമിടുന്ന ദൗത്യമായ ഗഗൻയാൻ 2026ൽ വിക്ഷേപിച്ചേക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ്.
ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ചന്ദ്രയാൻ-നാല് ദൗത്യം 2028 ഓടെയാണ് പദ്ധതിയിടുന്നത്. നാസ- ഐ.എസ്.ആർ.ഒ സിന്തറ്റിക് അപറേച്ചർ റഡാർ (നിസാർ) വരും വർഷം യാഥാർഥ്യമാവുമെന്നും സോമനാഥ് പറഞ്ഞു. ലോകത്തെ ഏറ്റവും ചെലവേറിയ ഭൗമ നിരീക്ഷണ ഉപഗ്രഹ പദ്ധതിയായാണ് നിസാർ വിലയിരുത്തപ്പെടുന്നത്. 1.5 ബില്യൺ യു.എസ് ഡോളറാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്.
ഡൽഹിയിൽ ആകാശവാണിയുടെ സർദാർ പട്ടേൽ അനുസ്മരണ പ്രഭാഷണം നടത്താനെത്തിയതായിരുന്നു സോമനാഥ്. ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിലെ ഇന്ത്യയുടെ സംഭാവന നിലവിൽ രണ്ട് ശതമാനമാണ്. അടുത്ത ഒരു ദശാബ്ദത്തിനുള്ളിൽ ഇത് 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്നും ഐ.എസ്.ആർ.ഒ മേധാവി പറഞ്ഞു.
ചന്ദ്രയാൻ-5 ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്‌സയുമായി ചേർന്ന് സംയുക്ത ദൗത്യമായിരിക്കും. ലൂണാർ പോളാർ എക്സ്െപ്ലാറേഷൻ (ലുപെക്സ്) എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ സമയപരിധി വ്യക്തമാക്കിയിട്ടില്ലെങ്കിലും 2028ന് ശേഷം ഇത് നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രയാൻ-മൂന്നിലെ റോവറിന് 27 കിലോയായിരുന്നു ഭാരം. എന്നാൽ, ചന്ദ്രയാൻ-അഞ്ചിൽ ഇത് 350 കിലോ വരും. ഭാരക്കൂടുതൽ ഉള്ളതുകൊണ്ടുതന്നെ ദൗത്യം കൂടുതൽ സങ്കീർണമാണെന്നും സോമനാഥ് പറഞ്ഞു. ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപത്തിന്റെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇലോൺ മസ്ക് നേതൃത്വം നൽകുന്ന സ്പേസ് എക്സിന്റെ നേട്ടങ്ങൾ ഐ.എസ്.ആർ.ഒക്കും പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.