ചാന്ദ്ര സ്വപ്നങ്ങളിലേക്ക് ഇസ്രോയുടെ കുതിപ്പ്
text_fieldsബംഗളൂരു: ഇസ്രോയുടെ ഏറ്റവും കരുത്തൻ റോക്കറ്റായ എൽ.വി.എം-3 എം 4ന്റെ ചിറകിലേറി ചന്ദ്രയാൻ- മൂന്ന് കുതിക്കുന്നത് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിലെ സ്വപ്നപദ്ധതിയിലേക്ക്. ചന്ദ്രോപരിതലത്തിൽ ലാൻഡറിനെ ഇടിച്ചിറക്കിയുള്ള വിജയകരമായ ഒന്നാം ദൗത്യത്തിനും ലാൻഡറിനെ മൃദുവിറക്കം നടത്താനുള്ള ശ്രമം പരാജയപ്പെട്ട രണ്ടാം ദൗത്യത്തിനും ശേഷമാണ് കരുതലോടെ ചന്ദ്രയാൻ-മൂന്നിനെ യാത്രയാക്കുന്നത്. ജി.എസ്.എൽ.വി മാർക്ക് - മൂന്ന് പുനർ നാമകരണം ചെയ്തതാണ് ബാഹുബലി എന്നറിയപ്പെടുന്ന എൽ.വി.എം- മൂന്ന്.
തദ്ദേശീയമായി വികസിപ്പിച്ച 2148 കിലോ വരുന്ന പ്രൊപൽഷൻ മൊഡ്യൂളും 1752 കിലോ വരുന്ന ലാൻഡർ മൊഡ്യൂളും 26 കിലോ വരുന്ന റോവറുമടങ്ങുന്ന ബഹിരാകാശ പേടകവുമായാണ് എൽ.വി.എം- മൂന്ന് ശ്രീഹരിക്കോട്ടയിൽനിന്ന് പുറപ്പെടുക. വിക്ഷേപണത്തിന്റെ പതിനാറാം മിനിറ്റിൽ റോക്കറ്റും പേടകവും തമ്മിൽ വേർപെടും. ഇതോടെ പ്രൊപൽഷൻ മൊഡ്യൂളിന്റെ ദൗത്യം ആരംഭിക്കും. ലാൻഡറിനെയും അതിനകത്തുള്ള റോവറിനെയും വഹിച്ച് പാർക്കിങ് ഓർബിറ്റിൽനിന്ന് പേടകം നീങ്ങിത്തുടങ്ങും.
വിവിധ ഘട്ടങ്ങളിലൂടെ ശാസ്ത്രജ്ഞർ പേടകത്തിന്റെ ഭ്രമണപഥം ഉയർത്തും. പിന്നീട് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്ന് വിവിധ ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. ഒടുവിൽ ചന്ദ്രനിൽനിന്ന് കുറഞ്ഞത് 30 കിലോമീറ്ററും പരമാവധി 100 കിലോമീറ്ററും അകലെയുള്ള ഭ്രമണപഥത്തിലേക്ക് ലാൻഡറിനെ പ്രൊപൽഷൻ മൊഡ്യൂൾ എത്തിക്കുന്നതോടെ സുപ്രധാന ഘട്ടത്തിലേക്ക് കടക്കുകയായി.
വിക്ഷേപണം കഴിഞ്ഞ് 40 നാൾ പിന്നിടുമ്പോൾ ചന്ദ്രന്റെ ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്കെത്തുന്ന ലാൻഡർ ചന്ദ്രോപരിതലത്തിൽ സൂര്യപ്രകാശം വീഴുന്ന ആദ്യം ദിനംതന്നെ മൃദുവിറക്കത്തിന് ശ്രമിക്കും. ലാൻഡിങ് വിജയകരമായാൽ പരമാവധി ദിവസം റോവറിനെ ഗവേഷണത്തിന് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഭ്രമണപഥത്തിൽനിന്ന് വെറും 20 മിനിറ്റിനുള്ളിൽ ലാൻഡർ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങും. മൃദുവിറക്കം വിജയകരമായാൽ പര്യവേക്ഷണത്തിനായി ലാൻഡറിന്റെ വാതിലുകൾ തുറന്ന് ആറു ചക്രങ്ങളുള്ള റോബോട്ടിക് വാഹനമായ റോവർ പുറത്തിറങ്ങും.
തുടർന്ന് 14 ദിവസം (ഒരു ചാന്ദ്രദിനം) ചന്ദ്രോപരിതലത്തിൽ കറങ്ങി നടന്ന് ചന്ദ്രനിലെ രാസഘടനയെക്കുറിച്ചും ജലം, ടൈറ്റാനിയം, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പരീക്ഷണ ഉപകരണങ്ങളിലൂടെ കൈമാറും. റോവറിലെ പേലോഡുകൾ നൽകുന്ന വിവരങ്ങൾ ലാൻഡറിലേക്കും ലാൻഡറിലെ പേലോഡുകൾ ബംഗളൂരുവിലെ ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്ക് സെന്ററിലേക്കും വിവരങ്ങൾ കൈമാറും.
ചാന്ദ്രയാൻ-രണ്ട് ദൗത്യത്തിൽ വിക്രം എന്നു പേരിട്ട ലാൻഡറിന്റെ മൃദുവിറക്കം (സോഫ്റ്റ് ലാൻഡിങ്) പരാജയപ്പെട്ടത് ഐ.എസ്.ആർ.ഒയുടെ ദൗത്യത്തിന് തിരിച്ചടിയായിരുന്നു. എന്നാൽ, ഇതിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമായതിനാൽ മൂന്നാം ദൗത്യത്തിനും ഈ ഓർബിറ്ററിന്റെ സേവനം ഉപയോഗപ്പെടുത്തും.
യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ചന്ദ്രനിൽ മൃദുവിറക്കം നടത്തിയിട്ടുള്ളത്. ദൗത്യം വിജയിച്ചാൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണരംഗത്തെ നാഴികക്കല്ലായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.